ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി ഗുരുവായൂർ നഗരസഭ
text_fieldsഗുരുവായൂര്: ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി ഗുരുവായൂർ നഗരസഭ. കേന്ദ്ര സർക്കാറിെൻറ മൗനാനുവാദത്തോടെ ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തുനിന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. ഷെഫീറും പ്രതിപക്ഷത്തുനിന്ന് കെ.പി. ഉദയനും പ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. ഇരുവരും പ്രമേയം അവതരിപ്പിച്ചു. പ്രമേയം ചട്ട വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ തങ്ങൾ ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചു.
എൽ.ഡി.എഫും യു.ഡി.എഫും കൊണ്ടുവന്ന പ്രമേയങ്ങൾ ഒറ്റ പ്രമേയമായി ഐകകണ്ഠ്യേന അംഗീകരിച്ചതായി അധ്യക്ഷൻ എം. കൃഷ്ണദാസ് പ്രഖ്യാപിച്ചു. സേവ് ലക്ഷദ്വീപ് എന്ന പോസ്റ്റർ ഉയർത്തിയാണ് യു.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ പങ്കെടുത്തത്. കോവിഡ് പ്രതിരോധത്തിന് കൈക്കൊണ്ട നടപടികൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എസ്. മനോജ് വിശദീകരിച്ചു.
പ്രതിപക്ഷ നേതാവ് കെ.പി. ഉദയനും കോവിഡ് പ്രതിരോധ പരിപാടികളെ അഭിനന്ദിച്ചു. എന്നാൽ, ഒറ്റപ്പെട്ട അപവാദങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. ശുചീകരണ പരിപാടികൾക്ക് മുന്നോടിയായി നഗരസഭയുടെ സ്വന്തം ടൗൺ ഹാൾ പരിസരം വൃത്തിയാക്കണമെന്ന് കെ.പി.എ. റഷീദ് ആവശ്യപ്പെട്ടു.
തടയണകളുടെ അവശിഷ്ടങ്ങളുള്ളതിനാൽ ചക്കംകണ്ടം, പാലുവായ്, പഞ്ചാരമുക്ക് മേഖലയിൽ ഉപ്പുവെള്ളം കയറുന്നുണ്ടെന്ന് മെഹറൂഫ് ചൂണ്ടിക്കാട്ടി. തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി വേണമെന്ന് ദേവിക ദിലീപ്, മാഗി ആൽബർട്ട് എന്നിവർ ആവശ്യപ്പെട്ടു. നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന ശുചീകരണ യജ്ഞത്തെക്കുറിച്ച് അധ്യക്ഷൻ വിശദീകരിച്ചു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, പ്രഫ. പി.കെ. ശാന്തകുമാരി, എ. സായിനാഥൻ, ജീഷ്മ സുജിത്ത്, ഫൈസൽ പൊട്ടത്തയിൽ, വി.കെ. സുജിത്, രേണുക ശങ്കർ എന്നിവർ സംസാരിച്ചു.
കാർഷിക സർവകലാശാലയിൽ പ്രതിഷേധം
മണ്ണുത്തി: കേന്ദ്ര സർക്കാറിെൻറ ഒത്താശയോടെ ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന ഫാഷിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ചും ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകർ കാർഷിക സർവകലാശാലയിൽ പ്രകടനം നടത്തി. കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി, ജനറൽ കൗൺസിൽ അംഗം പി.കെ. ശ്രീകുമാർ, കൃഷ്ണദാസ്, കെ.ആർ. പ്രദീഷ് എന്നിവർ നേതൃത്വം നൽകി.
കരിനിയമങ്ങൾക്കെതിരെ വടക്കേക്കാട് പഞ്ചായത്ത് പ്രമേയം
വടക്കേക്കാട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കരിനിയമങ്ങൾക്കെതിരെ വടക്കേക്കാട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. ഗിരീഷ് അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങളും അനുകൂലിച്ചു.
ദ്വീപിൽ ഏകാധിപത്യം നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കണമെന്നും ജനാധിപത്യം നിലനിർത്തണമെന്നും പ്രമേയം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് ഫസലുൽ അലി അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയ ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹികളെ പഞ്ചായത്ത് ആദരിക്കും.
മഴക്കാല രോഗപ്രതിരോധത്തിന് വിപുലമായ ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.