ഗുരുവായൂർ അമൃത് ഭാരത് സ്റ്റേഷൻ: ഉദ്ഘാടനം ജനുവരിയിൽ
text_fieldsഗുരുവായൂർ: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കും. 10.76 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടന്നു വരുന്നത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്, ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ല്യാൽ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഷാജി സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി നവീകരണ പ്രവൃത്തികൾ വിലയിരുത്തി.
നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, പാർക്കിങ് സൗകര്യം, സ്റ്റേഷനിലേക്കുള്ള റോഡ്, പൂന്തോട്ടങ്ങൾ, അറിയിപ്പുകൾ നൽകാനുള്ള ഡിജിറ്റൽ സൗകര്യം, അറിയിപ്പ് ബോർഡുകൾ, പ്ലാറ്റുഫോമും മേൽക്കൂരയും വികസിപ്പിക്കൽ, സ്റ്റീൽ ബെഞ്ചുകളും വാഷ് ബേസിനുകളും, മികച്ച വെളിച്ച സംവിധാനം, സി.സി.ടി.വി എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
സ്റ്റേഷൻ്റെ മുൻഭാഗം സംബന്ധിച്ച് ചില മാറ്റങ്ങൾ ജനറൽ മാനേജർ നിർദേശിച്ചു. പാഴ്സൽ വിഭാഗം വടക്കു ഭാഗത്തേക്ക് മാറ്റാനും നിർദേശമുണ്ട്. സ്റ്റേഷൻ മാസ്റ്റർ പി.ജി. നിഷാജിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ സ്വീകരിച്ചു.
തിരുവെങ്കിടം അടിപ്പാത യാഥാർഥ്യമാക്കും
സ്റ്റേഷൻ വികസനം മൂലം ഗുരുവായൂരിലേക്കുള്ള റോഡ് അടഞ്ഞു പോയ തിരുവെങ്കിടം പ്രദേശത്തിന്റെ സ്വപ്നമായ അടിപ്പാത യാഥാർഥ്യമാക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്. എൻ.കെ. അക്ബർ എം.എൽ.എയും നഗരസഭയും മുൻകൈയെടുത്ത് ഇതിനുള്ള നടപടികൾ തുടർന്ന് വരികയാണ്. എന്നാൽ അടിപ്പാതയുടെ അപ്രോച്ച് റോഡിനായി ദേവസ്വം ഭൂമി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കേസ് നടന്നുവരികയാണ്. ഇതുമൂലം അടിപ്പാതക്ക് തടസമുണ്ടാകുന്ന സാഹചര്യമുണ്ടെങ്കിൽ ദേവസ്വം ഭൂമി ഉപയോഗിക്കാതെ തന്നെ പാത പൂർത്തിയാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജനറൽ മാനേജർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.