ഗുരുവായൂർ നഗരസഭ കൗണ്‍സിലില്‍ കീറച്ചാക്കും തുറുപ്പുഗുലാനും
text_fieldsഗുരുവായൂര്‍: കഴുത്തിന് മുകളില്‍ തലയുണ്ടെങ്കില്‍ ഡിസംബര്‍ ഒന്നിന് ബഹുനില പാര്‍ക്കിങ് സമുച്ചയം തുറക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്. പറഞ്ഞ തീയതിക്ക് തുറന്നാല്‍ ചെയര്‍മാന് അഭിനന്ദനമെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍. ചെയര്‍മാന്റെ വാക്കും പഴയചാക്കും ഒപ്പമാണെന്നതിന്റെ പ്രതീകമായി കീറച്ചാക്കും ഉയര്‍ത്തിപ്പിടിച്ച് ഉദയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് പാര്‍ക്കിങ് സമുച്ചയം വ്യാഴാഴ്ച തുറക്കുമെന്ന ചെയര്‍മാന്റെ പ്രഖ്യാപനവും പ്രതിപക്ഷത്തിന്റെ 'അഡ്വാന്‍സ്' അഭിനന്ദനവും ഉണ്ടായത്.
ഓരോ വിഷയം ഉന്നയിക്കുമ്പോഴും 'ഇപ്പൊ ശര്യാക്കിത്തരാം' എന്ന ചെയര്‍മാന്റെ വാക്ക് പഴയ കീറച്ചാക്കുപോലെയാണ് ജനം കാണുന്നതെന്നായിരുന്നു ഉദയന്റെ അഭിപ്രായം. 22 വര്‍ഷമായി ഗുരുവായൂരിലെ കോണ്‍ഗ്രസാണ് കീറച്ചാക്കുമായി നടക്കുന്നതെന്ന് ഭരണപക്ഷത്തെ ആര്‍.വി. ഷെരീഫ് തിരിച്ചടിച്ചു.
22 വര്‍ഷമായി കോണ്‍ഗ്രസ് ഗുരുവായൂരില്‍ പ്രതിപക്ഷത്താണ്. 'തുറുപ്പുഗുലാന്‍' സിനിമയിലെ ഹോട്ടലിലെ പാര്‍ക്കിങ് സീന്‍ ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര അംഗം പ്രഫ. പി.കെ. ശാന്തകുമാരി സംസാരിച്ചത്. പാര്‍ക്കിങ് കരാര്‍ സംബന്ധിച്ച് തന്റെ അഭിപ്രായം നേരത്തേ എഴുതി നല്‍കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
അമൃത് പദ്ധതിയില്‍ നിര്‍മിച്ച ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന്റെ മൂന്ന് നിലകളും താഴത്തെ നിലയുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വ്യാഴാഴ്ച തുറക്കുന്നത്. മറ്റ് നിലകളിലെ അഗ്നിസുരക്ഷ സംവിധാനങ്ങള്‍ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ട്. 60:40 എന്ന അനുപാതത്തില്‍ വരുമാനം പങ്കുവെക്കാമെന്ന ധാരണയില്‍ ഫില്‍സ ടെക് സൊലൂഷന്‍സാണ് പാര്‍ക്കിങ് സമുച്ചയ നടത്തിപ്പിന് മുന്നോട്ടുവന്നത്. എന്നാല്‍, ധാരണപത്രത്തില വ്യവസ്ഥകളില്‍ തീരുമാനമായിട്ടില്ല.
പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരുമാസം നടത്തിപ്പുകാരുടെ ചെലവ് കഴിഞ്ഞുള്ള തുക നഗരസഭക്ക് ലഭിക്കും. തുടര്‍ന്നുള്ള നടത്തിപ്പിന് ധാരണപത്രം തയാറാക്കും.
ഇതിന് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. നഗരസഭ സംസ്ഥാനത്ത് നടപ്പാക്കിയ ആദ്യ ബഹുനില സമുച്ചയമായതിനാല്‍ മാതൃകകളൊന്നും മുന്നിലുണ്ടായിരുന്നില്ലെന്നും അതിനാലാണ് അൽപം കാലതാമസം ഉണ്ടായതെന്നും സ്ഥിരം സമിതി അധ്യക്ഷന്‍ എ.എസ്. മനോജ് പറഞ്ഞു. അനീഷ്മ ഷനോജ്, എ.എം. ഷെഫീര്‍, കെ.പി.എ. റഷീദ്, ഫൈസല്‍ പൊട്ടത്തയില്‍, സി.എസ്. സൂരജ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.