മന്ത്രി മാറിയിട്ടും മാറാതെ ഗുരുവായൂർ ദേവസ്വത്തിലെ തമ്മിലടി
text_fieldsഗുരുവായൂർ: പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലെ ഭരണ- പ്രതിപക്ഷ പോരിനെ വെല്ലുന്ന രീതിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ ഭിന്നത. ഏറ്റവും ഒടുവിൽ മോഹൻലാലിെൻറ ദർശനമാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ഭരണസമിതി ബഹിഷ്കരണം, ദേവസ്വം കമീഷണർക്ക് പരാതി നൽകൽ, ദേവസ്വം ചടങ്ങുകൾ ബഹിഷ്കരിക്കൽ, ഭരണസമിതി യോഗത്തിലെ ബഹളം, ഇറങ്ങിപ്പോക്ക്, ക്വാറമില്ലാതെ പിരിച്ചുവിടൽ എന്നിങ്ങനെ എല്ലാം ഇതിനകം അരങ്ങേറിക്കഴിഞ്ഞു. ഭരണസമിതി അംഗങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റർ പൊലീസിന് പരാതി നൽകുന്നിടത്തും കാര്യങ്ങൾ എത്തി.
ഗുരുവായൂരിനെക്കുറിച്ച് നന്നായി അറിയാവുന്ന ജില്ലക്കാരനായ കെ. രാധാകൃഷ്ണൻ മന്ത്രിയായതോടെ പ്രശ്നപരിഹാരത്തിന് സാധ്യത തെളിയുമെന്നായിരുന്നു പ്രതീക്ഷ. അതും അസ്ഥാനത്തായി. ഭരണസമിതി ചേരാൻ പോലും കഴിയാത്ത വിധത്തിലേക്ക് ഭിന്നത വളർന്നു. സി.പി.എമ്മിെൻറ രണ്ട് അംഗങ്ങൾ തന്നെ ഇരുചേരിയിലാണ്. ചെയർമാൻ കെ.ബി. മോഹൻദാസിനൊപ്പം കോൺഗ്രസ് -എസ് പ്രതിനിധി ഇ.പി.ആർ വേശാല മാത്രമാണ് ഇപ്പോഴുള്ളത്. സർക്കാർ നാമനിർദേശം ചെയ്ത ആറ് അംഗങ്ങളിൽ നാലുപേരും ഒറ്റെക്കട്ടാണ്. മുൻ എം.എൽ.എ കെ. അജിത് (സി.പി.ഐ), കെ.വി. ഷാജി (ജനതാദൾ -എസ്), എ.വി. പ്രശാന്ത് (സി.പി.എം), കെ.വി. മോഹനകൃഷ്ണൻ (എൻ.സി.പി) എന്നിവരും പാരമ്പര്യ അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും എതിർ പക്ഷത്താണ്. തന്ത്രിയും സാമൂതിരിയും മാത്രമാണ് ഇപ്പോൾ വിവാദങ്ങളിൽ പരസ്യ നിലപാടുമായി രംഗത്തില്ലാത്തത്. ഇനി നാലുമാസം കൂടിയാണ് ഭരണസമിതിക്ക് അവശേഷിക്കുന്നത്. അടുത്ത വർഷം ജനുവരി മധ്യത്തോടെ രണ്ടുവർഷ കാലാവധി പൂർത്തിയാവും.
മൂന്ന് ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ ദർശനത്തിന് വന്ന മോഹൻലാലിന് ഗേറ്റ് തുറന്നുകൊടുത്തു എന്നതിെൻറ പേരിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അഡ്മിനിസ്ട്രേറ്റർ ജോലിയിൽനിന്ന് മാറ്റിനിർത്തിയതാണ് അവസാനം ഉണ്ടായ പ്രകോപനം. ഈ തീരുമാനത്തിനെതിരെ അഞ്ച് ഭരണസമിതി അംഗങ്ങൾ പരസ്യമായി രംഗത്ത് വരികയും അഡ്മിനിസ്ട്രേറ്റർക്കെതിരെ ദേവസ്വം കമീഷണർക്ക് പരാതി നൽകുകയും ചെയ്തു. ഇവർ വിട്ടുനിന്നതോടെ ഭരണസമിതി ചേരാൻ കഴിയാത്ത അവസ്ഥയുമായി. ഇടതുപക്ഷ ജീവനക്കാരുടെ യൂനിയനുകളും പലതവണ ഭരണസമിതിക്കെതിരെ രംഗത്തുവന്നു. ഇതുവരെയുള്ള ഭരണസമിതികളിലൊന്നും ഇല്ലാത്ത വിധത്തിൽ അംഗങ്ങൾ ചേരിതിരിയുകയും അഡ്മിനിസ്ട്രേറ്റർ പദവി വിവാദ കേന്ദ്രമാവുകയും ചെയ്തിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് പാർട്ടിയും സർക്കാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.