ദർശന മാഫിയയെ നിയന്ത്രിക്കാൻ ഗുരുവായൂർ ദേവസ്വം; പ്രത്യേക ദർശനത്തിന് നിയന്ത്രണം
text_fields
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രത്യേക ദർശനം നടത്തിക്കൊടുക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കാൻ ദേവസ്വം ഭരണസമിതി. വരി നിൽക്കാതെ ദർശനം തരപ്പെടുത്തിക്കൊടുത്ത് പണം ഈടാക്കുന്ന 'ദർശന മാഫിയയെ' കുറിച്ചുള്ള പരാതികൾ വ്യാപകമായ അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക ദർശനത്തിനായി നെയ് വിളക്ക് ശീട്ടാക്കി വരുന്നവർക്കുള്ള വഴിയിലൂടെ മറ്റാരെയും പ്രവേശിപ്പിക്കില്ല. വി.ഐ.പി ദർശനത്തിന് വേണ്ട സൗകര്യം ഏർപ്പെടുത്താൻ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫിസറെ ചുമതലപ്പെടുത്തി. പ്രസാദ ഊട്ടിനും നിയന്ത്രണങ്ങളുണ്ട്.
ഭക്തരുടെ വരി വഴി മാത്രമാകും അന്നലക്ഷ്മി ഹാളിലേക്ക് പ്രവേശനം. ജീവനക്കാരുൾപ്പെടെ ആർക്കും പ്രത്യേക പരിഗണന നൽകില്ല. വെള്ളി, ചന്ദനം എന്നിവ കൊണ്ടുള്ള തുലാഭാരത്തിന് നിരക്ക് കുറക്കാനും തീരുമാനിച്ചു. ചന്ദനം കിലോഗ്രാമിന് 10,000, വെള്ളിക്ക് കിലോഗ്രാമിന് 20,000 എന്നതായിരിക്കും പുതിയ നിരക്ക്. വെള്ളി, ചന്ദനം എന്നിവ കൊണ്ട് തുലാഭാരം വഴിപാട് നടത്തുന്നവർ തൂക്കമനുസരിച്ച് ഈ നിരക്കിലുള്ള പണം ക്ഷേത്രത്തിലടച്ചാൽ മതി.
ക്ഷേത്രം ഓതിക്കന്മാർ, കീഴ്ശാന്തിമാർ, കഴകക്കാർ തുടങ്ങിയ പാരമ്പര്യ പ്രവൃത്തിക്കാരുടെ യോഗം ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ 17ന് രാവിലെ 10ന് ചേരും. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.