ഗുരുവായൂര്‍ ഏകാദശി ഇന്ന്
text_fieldsഗുരുവായൂര്‍: ഏകാദശി ചൊവ്വാഴ്ച. വ്രതം നോറ്റ്, ഗുരുവായൂരപ്പനെ ഒരുനോക്ക് കണ്ട് സായൂജ്യമടയാന്‍ ആയിരങ്ങള്‍ ഗുരുവായൂരിലെത്തും. ഒരുമാസം നീളുന്ന വിളക്കാഘോഷങ്ങൾക്ക് ഏകാദശി ദിനത്തില്‍ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്തമന പൂജയോടെ പരിസമാപ്തിയാകും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ദര്‍ശനത്തിന് ക്രമീകരണങ്ങളുണ്ട്. രാവിലെ ആറുമുതല്‍ ഉച്ചക്ക് രണ്ടുവരെ വി.ഐ.പികള്‍ അടക്കം ആര്‍ക്കും പ്രത്യേക ദര്‍ശനമില്ല. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് മാത്രമാണ് ഈ സമയം ദര്‍ശനം.
ഉച്ചക്ക് രണ്ടിനുശേഷം വെര്‍ച്വല്‍ ക്യൂവില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്കി മറ്റുള്ളവര്‍ക്കും ദര്‍ശനം നടത്താം. നെയ് വിളക്ക് ശീട്ടാക്കിയവര്‍ക്ക് വരിനില്‍ക്കാതെയുള്ള ദര്‍ശനത്തിന് നിയന്ത്രണമില്ല. വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഗോതമ്പുചോറ്, കാളന്, പുഴുക്ക്, അച്ചാര്‍, ഗോതമ്പു പായസം തുടങ്ങിയ വിഭവങ്ങളോടെയാണ് ഏകാദശി ഊട്ട്. അന്നലക്ഷ്മി ഹാളിലും തെക്കേ നടപ്പന്തലിന് പടിഞ്ഞാറുഭാഗത്തുള്ള പുതിയ പന്തലിലും ഊട്ടുണ്ടാകും. രാവിലെ ഒമ്പതിന് ആരംഭിക്കും.
ദേവസ്വം അതിഥികള്‍, ഡ്യൂട്ടിയിലുള്ള പൊലീസ്, സുരക്ഷ ഉദ്യോഗസ്ഥര്‍, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ക്ക് അന്നലക്ഷ്മി ഹാളിനോട് ചേര്‍ന്ന പന്തലില്‍ പ്രസാദ ഊട്ട് നൽകും.
രാവിലെയും ഉച്ചകഴിഞ്ഞും ക്ഷേത്രത്തിനകത്ത് പഞ്ചാരിമേളത്തോടെ സ്വര്‍ണക്കോലം എഴുന്നള്ളിച്ചുള്ള കാഴ്ചശീവേലി നടക്കും. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് പഞ്ചവാദ്യമാണ് അകമ്പടി. രാത്രി വിളക്കെഴുന്നള്ളിപ്പിനും മേളമാണ് അകമ്പടി. വൈകീട്ട് പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഗുരുവായൂരിലേക്ക് രഥം എഴുന്നള്ളിപ്പുണ്ട്. ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണം ബുധനാഴ്ച പുലര്‍ച്ചയാണ്. ബുധനാഴ്ച രാവിലെ നടയടച്ചാൽ വൈകീട്ട് 3.30നാണ് തുറക്കുക. വ്യാഴാഴ്ച ത്രയോദശി ഊട്ട് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.