ഭക്തിയുടെ നിറവില്‍ ആറാട്ട്; ഗുരുവായൂര്‍ ഉത്സവം കൊടിയിറങ്ങി
text_fieldsഗുരുവായൂര്‍: ഭക്തരെ വിശ്വാസ നിര്‍വൃതിയില്‍ ആറാടിച്ച് ഗുരുവായൂര്‍ ക്ഷേത്രോത്സവം കൊടിയിറങ്ങി. ആറാട്ടു കഴിഞ്ഞ് 11 ഓട്ടപ്രദക്ഷിണത്തിനു ശേഷമായിരുന്നു 10 ദിവസം നീണ്ട ഉത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയിറങ്ങിയത്. വൈകീട്ട് ശ്രീലകത്ത് മൂലവിഗ്രഹത്തിലെ ചൈതന്യം വിശേഷ പഞ്ചലോഹ ആറാട്ടുതിടമ്പിലേക്ക് സന്നിവേശിപ്പിക്കുന്ന ചടങ്ങ് നടന്നു.
കൊടിമരച്ചുവട്ടില്‍ പൊന്‍മണ്ഡപത്തില്‍ തിടമ്പ് എഴുന്നള്ളിച്ച് കീഴ്ശാന്തി നാകേരി ചെറിയ വാസുദേവന്‍ നമ്പൂതിരി ദീപാരാധന നടത്തി. ഗ്രാമപ്രദക്ഷിണത്തിന്റെ എഴുന്നള്ളിപ്പിന് കൊമ്പന് നന്ദന് സ്വര്‍ണക്കോലത്തില്‍ പഞ്ചലോഹത്തിടമ്പേറ്റി. ചോറ്റാനിക്കര വിജയന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയായി. തീര്‍ഥക്കുളത്തിന് വടക്കുഭാഗത്ത് പഞ്ചവാദ്യം അവസാനിച്ച് പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം തുടങ്ങി.
സങ്കടനിവൃത്തി ചടങ്ങ് കണ്ടിയൂര്‍പട്ടത്ത് നമ്പീശന് നിര്‍വഹിച്ചു. എഴുന്നള്ളിപ്പ് ഭഗവതിക്കെട്ടിനു മുന്നില്‍ സമാപിച്ചു. ആറാട്ടുകടവില്‍ സ്വര്‍ണ പീഠത്തില്‍ തിടമ്പ് എഴുന്നള്ളിച്ച് ഉച്ചപൂജ നടത്തി. തിടമ്പുമായി തന്ത്രി തീര്‍ഥക്കുളത്തില്‍ മുങ്ങിക്കയറിയതോടെ ഭക്തര്‍ കുളത്തിലിറങ്ങി ആറാട്ടുകുളി നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.