ഗുരുവായൂര്‍ ഉത്സവം ഇന്ന് കൊടിയേറും
text_fieldsഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. സ്വര്‍ണവര്‍ണ കൊടിമരത്തില്‍ രാത്രി എട്ടിനാണ് തന്ത്രി കൊടിയേറ്റുക. ഉത്സവത്തോടനുബന്ധിച്ച് എട്ട് ദിവസമായി നടന്നുവന്ന സഹസ്രകലശച്ചടങ്ങുകള്‍ ബ്രഹ്മകലശാഭിഷേകത്തോടെ സമാപിച്ചു.
ഇടുതുടി, വീരാണം, ഇടയ്ക്ക, ചെണ്ട, തിമില, കൊമ്പ്, കുറുങ്കുഴല്‍, നാഗസ്വരം, തവില്‍, ഇലത്താളം, ശംഖനാദം, ചേങ്ങില, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കലശങ്ങള്‍ കൂത്തമ്പലത്തില്‍നിന്ന് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി ജയപ്രകാശ് നമ്പൂതിരി ബ്രഹ്മകലശം എഴുന്നള്ളിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിപ്പിച്ച് തിങ്കളാഴ്ച ആനയില്ലാ ശീവേലി നടക്കും.
കീഴ്ശാന്തി സ്വര്‍ണത്തിടമ്പ് കൈയിലേന്തി നടന്നാണ് ശീവേലിയുടെ പ്രദക്ഷിണം പൂര്‍ത്തിയാക്കുക. വൈകീട്ട് മൂന്നിന് ആനയോട്ടം. ഉത്സവത്തിന്റെ ഭാഗമായ പകര്‍ച്ചയും പ്രസാദഊട്ടും ഇത്തവണയില്ല. 30,000 പേര്‍ക്ക് കിറ്റ് നല്‍കും.
ആനയോട്ടം ഇന്ന്; മൂന്ന് ആനകള്‍ പങ്കെടുക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാന്‍ തൃശൂർ ജില്ല ഭരണകൂടത്തിന്റെ അനുമതിയായി. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്രപരിസരത്തെ റോഡുകളിലെ പ്രവേശനവും നിയന്ത്രിക്കും. ഓടാനുള്ള രവികൃഷ്ണ, വിഷ്ണു, ദേവദാസ് എന്നീ ആനകളെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.
ഗോപീകണ്ണനെ പകരക്കാരനായി നിര്‍ത്തും. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് ആനയോട്ടം. മുന്‍കാലങ്ങളില്‍ ഇരുപതിലേറെ ആനകള്‍ ആനയോട്ടത്തില്‍ പങ്കെടുക്കാറുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് എണ്ണം കുറച്ചത്. പാരമ്പര്യാവകാശികള്‍ നല്കുന്ന കുടമണികളുമായി ക്ഷേത്രത്തില്‍നിന്ന് പാപ്പാന്മാര് മഞ്ജുളാലിലേക്ക് ഓടിയെത്തും. മണികള്‍ ആനയെ അണിയിക്കും. ശംഖ് വിളിച്ചാല്‍ ആനയോട്ടം തുടങ്ങും. ആദ്യമെത്തുന്ന ആന ക്ഷേത്രത്തില്‍ കടന്ന് ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.