ഗുരുവായൂർ മേൽപാലം: വഴിതുറന്നത് 2010ലെ സർവേ
text_fieldsഗുരുവായൂർ: കിഴക്കെ നട ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം മേൽപാലം വേണ്ട നിലയിലേക്ക് ഉയർന്നതായി 2010ൽ തന്നെ വ്യക്തമായിരുന്നു. റെയിൽവേ നടത്തിയ സർവേയിലായിരുന്നു ഇക്കാര്യം വ്യക്തമായത്. മണ്ണ് പരിശോധനയടക്കമുള്ളവ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ടി.ടി. ശിവദാസൻ ചെയർമാനായ നഗരസഭ കൗൺസിൽ 2013ൽ വിഷയം ഏറ്റെടുത്തു. പാലം വേണമെന്ന പ്രമേയം കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി. നഗരസഭ കൗൺസിലർമാരുടെ സർവകക്ഷി സംഘം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എക്കൊപ്പം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടു. 10 കോടിക്ക് മുകളിൽ ചെലവുവരുന്നതിനാൽ പാലത്തിന് ടോൾ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി നിവേദക സംഘത്തെ അറിയിച്ചു.
പിന്നെ പാലത്തിനായുള്ള പ്രക്ഷോഭങ്ങളുടെ കാലമായി. മേൽപാലം ഗുരുവായൂരിന്റെ മുഖ്യ അജണ്ടയായി. തൃശൂരിൽ നടന്ന ജനസമ്പർക്ക യജ്ഞത്തിൽ ഉമ്മൻ ചാണ്ടി മേൽപാലം പ്രഖ്യാപിച്ചു. എന്നാൽ, ഇതിനായി തുകയൊന്നും പ്രഖ്യാപിച്ചില്ല. പിന്നെ സർക്കാർ മാറി. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ നൽകിയ നിവേദനം അംഗീകരിച്ച് തോമസ് ഐസക്കിന്റ ബജറ്റിൽ മേൽപാലം ഇടം നേടി. പിന്നീട് കിഫ്ബിയിൽ 30 കോടിയോളം തുക അനുവദിച്ചു.
സ്ഥലമേറ്റെടുപ്പിന്റെ സങ്കീർണതകളും ഹൈകോടതി വരെയെത്തിയ വ്യവഹാരങ്ങളും എല്ലാം മറികടന്ന് പാലത്തിന് കല്ലിട്ടത് 2021 ജനുവരി 23ന്. പണി തുടങ്ങാൻ പിന്നെയും കാത്തിരിപ്പ്. 11 മാസത്തിനുശേഷം ഡിസംബർ മൂന്നിന് പൈലിങ് തുടങ്ങി. 23 മാസം കൊണ്ട് പണി പൂർത്തിയായി. പാളത്തിന് മുകളിലെ നിർമാണത്തിന് റെയിൽവേയുടെ അനുമതി വൈകിയത് പൂർത്തീകരണം മൂന്നുമാസത്തോളം വൈകിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.