ഗുരുവായൂര്‍ നഗരസഭ: പദ്ധതി വിശദാംശങ്ങള്‍ നൽകിയില്ല; ചർച്ചയായപ്പോൾ കൗൺസിലർമാർക്ക് എത്തിച്ചുനൽകി
text_fieldsഗുരുവായൂര്‍: മാലിന്യ സംസ്കരണത്തിനുള്ള വാര്‍ഷിക പദ്ധതിയില്‍ 4.33 കോടി രൂപയുടെ പ്രവൃത്തികള്‍ കൂടി കൂട്ടിച്ചേർക്കാൻ ചേര്‍ന്ന അടിയന്തര കൗണ്‍സിലില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാത്തത് ചര്‍ച്ചയായി. വിശദാംശങ്ങള്‍ നല്‍കാതിരുന്നത് വീഴ്ചയാണെന്ന് സമ്മതിച്ച ചെയര്മാന് എം. കൃഷ്ണദാസ് മിനിറ്റുകള്‍ക്കകം വിശദാംശങ്ങളടങ്ങിയ രേഖ കൗണ്‍സിലര്‍മാര്‍ക്ക് എത്തിച്ചു.
രണ്ട് മാസം മുമ്പ് രേഖകള്‍ കൈമാറിയിട്ടും നഗരസഭ നടപടിയെടുക്കാത്ത കാര്യം ശോഭ ഹരിനാരായണന് കൗണ്‍സിലില്‍ ഉന്നയിച്ചു. കോടികള്‍ ചെലവഴിച്ച് നഗരസഭ നിര്‍മിച്ച നടപ്പാതയുടെ വശം പൊളിച്ച് സ്വകാര്യ ഹോട്ടലുകാര്‍ പൊതുനിരത്തിലേക്ക് മാലിന്യം ഒഴുക്കുന്നതിന്റെ വിഡിയോ സഹിതം കൈമാറിയിട്ടും നടപടിയെടുത്തില്ലെന്ന് അവര്‍ പറഞ്ഞു. അര്‍ധരാത്രിയാണ് പടിഞ്ഞാറെ നടയിലെ സ്ഥാപനം നടപ്പാതയുടെ വശം പൊളിച്ച് മാലിന്യപൈപ്പ് പൊതുകാനയിലേക്ക് സ്ഥാപിച്ചതെന്നും അവര്‍ പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്നവരില്‍നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനകം എട്ട് ലക്ഷം രൂപ പിഴ ഈടാക്കിയതായി ചെയര്മാന് പറഞ്ഞു. ഇത് സംസ്ഥാന തലത്തില്‍ തന്നെ മുന്നിലാണെന്നും അറിയിച്ചു. നഗരസഭ നടപ്പാക്കിയ മാലിന്യ സംസ്കരണ പദ്ധതികള്‍ കൃത്യമായി അവലോകനം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു.
തെരുവുനായ് പ്രശ്നം സി.എസ്. സൂരജും കാട്ടുപന്നികളുടെ ശല്യം ബി.വി. ജോയിയും ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. എ.എസ്. മനോജ്, പ്രഫ. പി.കെ. ശാന്തകുമാരി, എ.എം. ഷെഫീര്‍, കെ.പി. ഉദയന്‍, ആര്.വി. ഷെരീഫ്, രേണുക ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ മാതൃകക്ക് കരുത്തുപകരാന്‍ ലോക ബാങ്ക് പദ്ധതി വരുന്നു
ഗുരുവായൂര്‍: സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ ഗുരുവായൂര്‍ മോഡല്‍ മാലിന്യ സംസ്കരണത്തിന് കരുത്താകാന്‍ ലോകബാങ്കിന്റെ പദ്ധതി കൂടി വരുന്നു. 11.68 കോടിയുടെ പദ്ധതിയാണ് അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കുന്നത്. ഈ വര്‍ഷം 4.33 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.
നിലവിലെ വിന്‍ഡ്രോ കമ്പോസ്റ്റ് യൂനിറ്റ് ആധുനികവത്കരിക്കും. സംസ്കരണത്തിനിടെ മലിനജലം ഊര്‍ന്നിറങ്ങുന്നത് പരിഹരിക്കല്‍, വാഴയിലകള്‍ പൊടിക്കല്‍, തൂക്ക പരിശോധന യന്ത്രം, അലക്കുയന്ത്രം എന്നിവയാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക. മാലിന്യം ശേഖരിച്ചുവെക്കുന്ന സൗകര്യങ്ങള്‍ (എം.സി.എഫ്) വര്‍ധിപ്പിക്കാനും ആധുനികവത്കരിക്കാനും പദ്ധതിയുണ്ട്.
തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ 1.5 കോടിയുടെ സംവിധാനങ്ങളാണ് ഒരുക്കുക. ഇന്‍സിനേറ്റര്‍, ജൈവമാലിന്യം ശേഖരിക്കാന്‍ ഇലക്ട്രിക്കല്‍ വാഹനം, തെരുവുവൃത്തിയാക്കുന്ന മാലിന്യം ശേഖരിക്കാന്‍ ഇലക്ട്രിക്ക് ഓട്ടോ, നിരീക്ഷണത്തിന് പോര്‍ട്ടബിള്‍ സി.സി.ടി.വി സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. പുതിയ എം.സി.എഫിനായി 1.20 കോടിയും പദ്ധതിയിലുണ്ടെന്ന് കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി) ഖരമാലിന്യ സംസ്കരണ എന്‍ജിനീയര്‍ ആതിര ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.