ബസ് സ്റ്റാന്‍ഡ് പൊളിക്കാനാളുണ്ടോ...
text_fieldsഗുരുവായൂര്‍: നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കാന്‍ ഒരു വര്‍ഷമായിട്ടും ആളെ കിട്ടിയില്ല. ഇതിനകം മൂന്നുതവണ ഇതിനായി ലേലം നടത്തിക്കഴിഞ്ഞു. ലേലം ഉറപ്പിക്കുന്നവര്‍ മുങ്ങുന്നതാണ് പ്രശ്നം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആദ്യ ലേലം നടത്തിയത്. 38 ലക്ഷം രൂപക്കാണ് അന്ന് ലേലം കൊണ്ടത്. എന്നാല്‍, ലേലം കൊണ്ടതിന്റെ മൂന്നിലൊന്ന് സംഖ്യ നഗരസഭയില്‍ അടച്ച് ലേലം ഉറപ്പിക്കാന്‍ വിളിച്ചയാള്‍ തയാറായില്ല. അതിനാല്‍, പുനര്ലേലത്തിലേക്ക് കാര്യങ്ങള്‍ കടന്നു.
പുനര്‍ലേലത്തിലും ലേലം കൊണ്ടവര്‍ പണം അടക്കാന്‍ തയാറായില്ല. ഇതോടെ കഴിഞ്ഞ മേയ് അഞ്ചിന് മൂന്നാമത്തെ ലേലം നടന്നു. അതിലും മുന്‍ ലേലങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു. 39 ലക്ഷത്തിന് ലേലം കൊണ്ട് അത്താണി സ്വദേശി ആവശ്യമായ തുക നല്കി ലേലം ഉറപ്പിച്ചില്ല. കെട്ടിടത്തിന് നിശ്ചയിച്ചിരുന്ന വില പുനർമൂല്യനിര്‍ണയം ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നഗരസഭ പി.ഡബ്ല്യു.ഡിക്ക് കത്ത് നല്‍കിയെങ്കിലും ഇതുവരെയും നടന്നിട്ടില്ല.
പുനർമൂല്യനിര്‍ണയം ഇല്ലാതെയാണ് നടപടികള്‍ മുന്നോട്ട് പോകുന്നത്. മൂന്നുതവണ നടത്തിയ ലേലങ്ങളും ഫലം കാണാതെ പോയതിനാല്‍ ഓഫര്‍ ആവശ്യപ്പെടാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനായുള്ള നടപടികള്‍ ആരംഭിച്ചത്. നിലവിലെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്ന്നുവീഴുന്നുമുണ്ട്. അപകടാവസ്ഥയിലാണെന്ന് 2010ല്‍ നഗരസഭ എന്‍ജിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതാണ് നിലവിലെ കെട്ടിടം. 1973ലാണ് ഈ കെട്ടിടം നിര്‍മിച്ചത്. വെള്ളിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.