ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മൂന്നാം ട്രാക്ക്; പ്രതീക്ഷ ഉയരുന്നു
text_fieldsഗുരുവായൂർ: എങ്ങുമെത്താതിരുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം ട്രാക്കിന് ശാപമോക്ഷമാകുന്നു. സ്റ്റേഷനിലെ യാർഡ് വികസനത്തിന് റെയിൽവേ ടെൻഡർ വിളിച്ചതാണ് വികസനത്തിലെ ശുഭപ്രതീക്ഷ. ഒന്നും രണ്ടും പ്ലാറ്റുഫോമുകളിലെ പാതകൾ വടക്കോട്ട് നീട്ടി യോജിപ്പിച്ചപ്പോൾ, മൂന്നാമത്തെ പ്ലാറ്റുഫോമിലെ പാത എങ്ങുമെത്താതെ നിൽപ്പായിരുന്നു.
അതിനാൽ, മൂന്നാമത്തെ പ്ലാറ്റുഫോമിൽ എത്തുന്ന വണ്ടിയുടെ എൻജിൻ വടക്കേയറ്റത്ത് കുടുങ്ങുന്ന അവസ്ഥയായിരുന്നു. മറ്റൊരു എൻജിൻ കൊണ്ടുവന്ന് കോച്ചുകൾ വലിച്ചുമാറ്റിയാൽ മാത്രമേ മൂന്നാമത്തെ ട്രാക്കിലെത്തിയ വണ്ടിയുടെ എൻജിൻ മാറ്റാൻ കഴിയൂ. ഇത് ഗുരുവായൂരിൽ വണ്ടികൾ കൈകാര്യം ചെയ്യുന്നതിന് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
കൂടുതൽ വണ്ടികൾ ഓടിക്കുന്നതിന് പ്രധാന തടസ്സമായിരുന്നു ഇത്. ഗുരുവായൂർ-തിരുനാവായ പാതയുടെ നിർമാണം നടക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു ധാരണ. എന്നാൽ തിരുനാവായ പാതയുടെ നിർമാണം അനന്തമായി നീണ്ടുപോയി.
ഗുരുവായൂരിലെ യാർഡ് വികസനം, തിരുനാവായ പദ്ധതിയിൽനിന്നും വേർപെടുത്തി, സ്വതന്ത്ര പ്രവൃത്തിയായി ഡിവിഷൻ തലത്തിൽ ഏറ്റെടുക്കണമെന്ന് യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. മൂന്നാമത്തെ ട്രാക്ക് പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യത്തെ ‘മാധ്യമം’ വാർത്തയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ അംഗീകരിച്ചത്.
ഒരുവർഷം കൊണ്ട് മൂന്നാമത്തെ ട്രാക്ക് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെ കൂടുതൽ ട്രെയിനുകൾ ഗുരുവായൂരിലെത്താൻ സാധ്യത തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.