ഗുരുവായൂർ അഴുക്കുചാൽ കണക്ഷൻ; പരാതി പരിഹാര അദാലത്ത് 17ന്
text_fieldsഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയിലേക്ക് കണക്ഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് നവംബർ 17ന് പ്രത്യേക അദാലത്ത് നടത്തും. ഇതിന് നഗരസഭ, ജല അതോറിറ്റി, പി.ഡബ്ല്യു.ഡി, ദേവസ്വം അധികൃതർ അടങ്ങിയ പ്രത്യേക സമിതി രൂപവത്കരിച്ചു. അഴുക്കുചാൽ പദ്ധതിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻ.കെ. അക്ബർ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
അപേക്ഷ നൽകി കണക്ഷൻ ലഭിക്കാത്തവർക്കും അപേക്ഷ നിരസിച്ചവർക്കും പുതിയ കണക്ഷൻ എടുക്കുന്നവർക്കും അദാലത്തിൽ പങ്കെടുക്കാം. ശബരിമല സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ നഗരസഭ സ്ഥാപനങ്ങൾക്ക് അടിയന്തരമായി കണക്ഷൻ നൽകാൻ എം.എൽ.എ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്ക് പ്രത്യേക സെക്ഷൻ ഓഫിസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അഴുക്കുചാലിന്റെ പൈപ്പുകളിലെ ബ്ലോക്ക് ഒഴിവാക്കാൻ ആധുനിക യന്ത്രങ്ങൾ വാങ്ങാൻ നടപടി സ്വീകരിച്ചതായി ചീഫ് എൻജിനീയർ ടി.എസ്. സുധി അറിയിച്ചു. അതുവരെ എല്ലാ ആഴ്ചകളിലും തൊഴിലാളികളെകൊണ്ട് ക്ലീനിങ് നടത്താൻ എം.എൽ.എ നിർദേശിച്ചു.
അഴുക്കുചാൽ പദ്ധതിയുടെ രണ്ടാംഘട്ടമായി നിലവിൽ പദ്ധതി നടപ്പാക്കാത്ത പ്രദേശങ്ങൾകൂടി ഉൾപ്പെടുത്തി വിശദ പദ്ധതിരേഖ തയാറാക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. അമൃത് രണ്ടിൽ ഉൾപ്പെടുത്തിയാണ് ഇത് പ്രാവർത്തികമാക്കുക. അമൃതിന്റെ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് അടിയന്തരമായി പൂർത്തീകരിക്കാൻ നിർദേശിച്ചു.
മാർച്ച് 31നുമുമ്പ് അമൃത് പദ്ധതി പൂർത്തീകരിക്കേണ്ടതുണ്ട്. റോഡ് പൊളിക്കുന്ന വിഷയം കലക്ടർ, പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ചർച്ച നടത്തണം. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർമാൻ അനിഷ്മ ഷനോജ്, സ്ഥിരം സമിതി ചെയർമാൻ എ.എസ്. മനോജ്, സെക്രട്ടറി ബീന എസ്. കുമാർ, ദേവസ്വം ചീഫ് എൻജിനീയർ എം.വി. രാജൻ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഹരീഷ് എന്നിവർ സംസാരിച്ചു.
അപേക്ഷ നൽകണം
ഗുരുവായൂർ: ഇന്നർ റിങ് റോഡിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ അഴുക്കുചാൽ കണക്ഷൻ വേണ്ടവർ നവംബർ 19ന് മുമ്പ് അപേക്ഷ നൽകണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. നവീകരണം പൂർത്തിയായാൽ പിന്നീട് റോഡ് പൊളിച്ച് കണക്ഷൻ നൽകാൻ ബുദ്ധിമുട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.