ഗുരുവായൂര്‍ ക്ഷേത്രത്തിലെ 27.5 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം: ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് നിഗമനം
text_fieldsഗുരുവായൂര്‍: ക്ഷേത്രത്തിലെ സ്വര്‍ണ, വെള്ളി ലോക്കറ്റുകള്‍ വിറ്റ വകയിലെ 27.5 ലക്ഷം ബാങ്ക് ഉദ്യോഗസ്ഥന് തട്ടിയെടുത്ത സംഭവത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച. കേസില്‍ പ്രതിയായ പഞ്ചാബ് നാഷനല്‍ ബാങ്കിലെ ക്ലര്‍ക്ക് പി.ഐ. നന്ദകുമാറിന് തട്ടിപ്പ് തുടരാന്‍ സൗകര്യമൊരുക്കിയത് ദേവസ്വത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ നിഗമനം.
നന്ദകുമാര്‍ ദിവസവും ക്ഷേത്രത്തിലെത്തി പണം ശേഖരിച്ച് ബാങ്കില്‍ കൊണ്ടുപോയി അടക്കുകയായിരുന്നു പതിവ്. എന്നാല്‍, ക്ഷേത്രത്തില്‍നിന്ന് ശേഖരിച്ച പണത്തിലെ ഒരു ഭാഗം കൈക്കലാക്കി ബാക്കി തുകയാണ് ഇയാൾ ബാങ്കില്‍ അടച്ചിരുന്നത്. ബാങ്കില്‍ പണമടക്കേണ്ട ചലാൻ പുസ്തകം നന്ദകുമാര്‍ ക്ഷേത്രത്തില്‍ വെച്ചിരിക്കുകയായിരുന്നു. ഇതില്‍ തുക എഴുതിയിരുന്നത് പ്രതിതന്നെയായിരുന്നു. കൗണ്ടര്‍ ഫോയിലില്‍ ഒന്നും എഴുതാറുമില്ല. ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള ക്ലര്‍ക്ക് ചലാന്‍ പരിശോധിച്ച് ഒപ്പിട്ടിരുന്നില്ലെന്നും ദേവസ്വത്തിെൻറ സീല്‍ െവച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ക്ഷേത്രത്തില്‍ െവച്ച് യഥാര്‍ഥ തുകയെഴുതിയ ചലാനല്ല നന്ദകുമാര്‍ ബാങ്കില്‍ നല്‍കിയിരുന്നത്. പണം എടുത്ത ശേഷം ബാക്കിയുള്ള തുകക്ക് ചലാനെഴുതി ബാങ്കില്‍ ഏല്പിക്കുകയായിരുന്നു.
60 തവണയായാണ് 27.5 ലക്ഷം എടുത്തതെന്ന് നന്ദകുമാര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. പണം അടക്കേണ്ട നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥന് പാലിച്ചിരുന്നെങ്കില്‍ പ്രതിക്ക് തട്ടിപ്പ് തുടരാന്‍ അവസരമുണ്ടാകില്ലായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. തട്ടിപ്പ് കണ്ടെത്തിയിട്ടും ഭരണസമിതിയെ അറിയിക്കാന്‍ വൈകിയതില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി വിശദീകരണം നല്‍കിയിട്ടുണ്ട്.
അക്കൗണ്ട് ഒത്തുനോക്കുന്നതില്‍ ദേവസ്വം ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതിലും വിശദീകരണം നല്കി. ഈ മാസം 12ന് ചേരുന്ന ദേവസ്വം ഭരണസമിതി ഇവ ചര്‍ച്ചചെയ്യും. തട്ടിപ്പുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തിലെ ഇരട്ട ലോക്കറിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വിശദമായി പരിശോധിക്കാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.