ഗുരുവായൂര്‍ ഉത്സവം കൊടിയേറി
text_fieldsഗുരുവായൂര്‍: പത്തുനാള്‍ നീളുന്ന ക്ഷേത്രോത്സവത്തിന് കൊടിയേറി. ഉത്സവത്തിന് തുടക്കം കുറിച്ച് രാത്രി ക്ഷേത്രം തന്ത്രി സ്വര്‍ണ വര്‍ണ ധ്വജസ്തംഭത്തില്‍ സപ്ത വര്ണക്കൊടിയേറ്റി. ദീപാരാധനക്ക് ശേഷം കൂറയും പവിത്രവും നല്കി ആചാര്യവരണം നടത്തിയ ശേഷമായിരുന്നു കൊടിയേറ്റം. അത്താഴ പൂജ, കൊടിപ്പുറത്ത് വിളക്ക് എന്നിവ നടന്നു.
രാവിലെ ആനയില്ലാ ശീവേലി നടന്നു. രാത്രി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കഥകളി അരങ്ങേറി. കലാമണ്ഡലം ഗോപി ബാഹുകനായി അരങ്ങിലെത്തി. ഉത്സവം എട്ടാം ദിവസം വരെ മേല്പത്തൂര് ഓഡിറ്റോറിയത്തിലും വൈഷ്ണവം വേദിയിലുമായി രാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായി കലാപരിപാടികള്‍ അരങ്ങേറും.
വ്യാഴാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കും. ഉത്സവത്തിന്റെ സവിശേഷതയായ ‘പകര്‍ച്ച’ വ്യാഴാഴ്ച തുടങ്ങും. ഉച്ചക്ക് കഞ്ഞിയും പുഴുക്കും, രാത്രി ചോറും രസകാളനുമാണ് പകര്‍ച്ചയുടെ വിഭവങ്ങള്‍. ഇടിച്ചക്കയും മുതിരയുംകൊണ്ടാണ് കഞ്ഞിയുടെ പുഴുക്ക്. അതിന് പുറമെ തേങ്ങാപ്പൂള്, ശര്‍ക്കര, പപ്പടം, മാങ്ങാക്കറി എന്നിവയും വിഭവങ്ങളായുണ്ടാകും. രാത്രി ചോറിനൊപ്പം കാളന്, ഓലന്‍, അവിയല്‍, മെഴുക്കുപുരട്ടി, ഉപ്പിലിട്ടത് എന്നിവയാണ് വിഭവങ്ങള്‍. ഉത്സവം എട്ടാം നാള് വരെയാണ് കഞ്ഞിയും പകര്‍ച്ചയും. മാര്‍ച്ച് ഒന്നിന് ആറാട്ടോടെയാണ് ഉത്സവം കൊടിയിറങ്ങുക.
ആനയോട്ടം: ഗോപീകണ്ണന് ജേതാവ്
ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തില്‍ ഗോപീകണ്ണന് ജേതാവ്. ഒമ്പതാം തവണയാണ് ഗോപീകണ്ണന് ഒന്നാമനാകുന്നത്. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പാരമ്പര്യ അവകാശിയായ കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന് മാതേമ്പാട്ട് ചന്ദ്രശേഖരന് നമ്പ്യാര്‍ക്ക് കുടമണികള്‍ എടുത്ത് നല്കി. ചന്ദ്രശേഖരന് നമ്പ്യാരില്‍നിന്ന് പാപ്പാന്മാര് കുടമണികള്‍ ഏറ്റുവാങ്ങി. കിഴക്കെനടയുടെ ഇരുവശവും തിങ്ങിനിറഞ്ഞ ജനാവലിയുടെ മധ്യത്തിലൂടെ പാപ്പാന്മാര് ഓടി മഞ്ജുളാലിന് സമീപം നിര്‍ത്തിയ ആനകളെ മണികള്‍ അണിയിച്ചു. കാര്‍ത്തിക് ജെ. മാരാര്‍ ശംഖനാദം മുഴക്കി. ഒരു മുഴം മുമ്പേ കുതിച്ചുപാഞ്ഞ ഗോപീകണ്ണന് കാര്യമായ മത്സരമൊന്നും ഉണ്ടായില്ല. ഗോപീകണ്ണന് പുറമെ രവികൃഷ്ണ, ദേവദാസ് എന്നീ ആനകളെയാണ് മുന്നില്‍ ഓടാന്‍ തെരഞ്ഞെടുത്തിരുന്നത്.
എന്നാല്‍, കരുതല്‍ പട്ടികയിലുണ്ടായിരുന്ന പിടിയാന ദേവി ഓടി രണ്ടാമതെത്തി. രവികൃഷ്ണന്‍ മൂന്നാം സ്ഥാനത്തെത്തി. ജേതാവായ ഗോപീകണ്ണന് പത്ത് ദിവസം നീളുന്ന ഉത്സവ ചടങ്ങുകളില്‍ പ്രത്യേക പരിഗണന ലഭിക്കും.
ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്മാരായ കെ.എസ്. മായാദേവി, പി. മനോജ്കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. എ.സി.പി സി. സുന്ദരന്‍, എസ്.എച്ച്.ഒ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.