ഗുരുവായൂരിൽ ജല അതോറിറ്റിക്ക് കിട്ടാനുള്ളത് 3.16 കോടി; കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി
text_fieldsഗുരുവായൂര്‍: ജല അതോറിറ്റി ഗുരുവായൂര്‍ സബ് ഡിവിഷനുകള്‍ക്ക് കീഴില്‍ പിരിഞ്ഞുകിട്ടാനുള്ള വെള്ളക്കര കുടിശ്ശിക 3.16 കോടി.
സബ് ഡിവിഷന് കീഴില്‍ ഗുരുവായൂര്‍, കുന്നംകുളം, തൃത്താല എന്നീ സെക്ഷനുകളാണുള്ളത്. ഗുരുവായൂര്‍ സെക്ഷനില്‍ 1007 ഉപഭോക്താക്കളില്‍നിന്ന് 84 ലക്ഷം ലഭിക്കണം. കുന്നംകുളം സെക്ഷനില്‍ 2148 ഉപഭോക്താക്കളില്‍നിന്നായി 98.5 ലക്ഷമാണ് ലഭിക്കാനുള്ളത്.
തൃത്താല സെക്ഷനില്‍ 2195 പേരില്‍നിന്ന് 1.34 കോടി ലഭിക്കണം. മൂന്ന് മാസത്തിലധികമായി കുടിശ്ശികയുള്ളവരുടെ കണക്ഷൻ വിച്ഛേദിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ജൂണില്‍ മാത്രം 84 കണക്ഷന്‍ വിച്ഛേദിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും കുടിശ്ശികക്കാരുടെ പട്ടികയിലുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷന്‍ വിച്ഛേദിക്കരുതെന്ന് സര്‍ക്കാറിന്റെ നിര്‍ദേശമുണ്ട്. കേടായ മീറ്റര്‍ മാറ്റിവെക്കാതെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കെതിരെ കുടിവെള്ള മോഷണത്തിന്റെ പട്ടികയില്‍പെടുത്തി കണക്ഷന്‍ വിച്ഛേദിക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് https://epay.kwa.kerala.gov.in/quickpay എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈനായി പണമടക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ആപ്പും മറ്റ് യു.പി.ഐ പേമെന്റ് സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പണമടക്കാം. മൊബൈല്‍ നമ്പറും കണ്‍സ്യൂമര്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്നും അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും ഓഫിസുമായി ബന്ധപ്പെട്ടും നമ്പര്‍ ലിങ്ക് ചെയ്യാം.
വാട്ടര്‍ ചാര്‍ജ്, കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ എന്നിവ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് അയച്ചുകൊടുക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.