പൊളിച്ചുമാറ്റിയ ബാലകൃഷ്ണ തിയറ്ററിന് മുന്നിലെ കുടുംബ ശില്പത്തിന്റെ സ്രഷ്ടാവ് ഇവിടെയുണ്ട്
text_fieldsഗുരുവായൂര്‍: വിസ്മൃതിയിലേക്ക് മടങ്ങുന്ന ബാലകൃഷ്ണ തിയറ്ററിന് മുന്നിലെ ‘കുടുംബ ശില്പം’ അരനൂറ്റാണ്ട് മുമ്പ് ഒരുക്കിയത് ഇപ്പോള്‍ മുളങ്കുന്നത്ത്കാവില്‍ താമസിക്കുന്ന റാഫേല്‍ വടുക്കൂട്ട്. ബാലകൃഷ്ണയില് സിനിമക്ക് പോയവരുടെ മാത്രമല്ല, റോഡിലൂടെ കടന്നു പോകുന്നവരുടെയും കണ്ണിലുടക്കുന്ന ഒന്നായിരുന്നു 25 അടിയോളം ഉയവും പത്തടിയോളം വീതിയുമുള്ള ശില്പം. തിയറ്റര്‍ പൊളിച്ചു മാറ്റുന്നതറിഞ്ഞ് പലരും അന്വേഷിച്ചിരുന്നത് ഈ ശില്പത്തിന്റെ സ്രഷ്ടാവിനെയായിരുന്നു. ചിറ്റാട്ടുകര സ്വദേശിയായിരുന്ന റാഫേല്‍ തന്റെ യൗവനകാലത്താണ് ഈ ശില്പം നിര്‍മിച്ചത്. തന്റെ നാടിനോട് ചേര്‍ന്ന സ്ഥലത്താണ് ശില്പം ഒരുക്കിയതെങ്കിലും ഇതിന്റെ നിര്‍മാണ ചുമതല തന്നിലേക്കെത്തിയത് കോഴിക്കോട് വഴിയാണെന്ന് റാഫേല്‍ പറഞ്ഞു.
കോഴിക്കോട് ലയണ്‍സ് ക്ലബിനു വേണ്ടി ബീച്ച് പാര്‍ക്കില്‍ 10 അടിയോളം വലിപ്പമുള്ള ഒരു ഭൂഗോളവും അതിനു മുകളിലായി എട്ട് അടി വലിപ്പത്തിലുള്ള ഒരു സിംഹത്തെയും അതിനോട് ചേര്‍ന്ന് 21 അടി ഉയരമുള്ള ഒരു സ്തൂപവും റാഫേല്‍ നിര്‍മിച്ചിരുന്നു. പാര്‍ക്കിലെ മുഖ്യ ആകര്‍ഷണമായിരുന്നു ഇത്. പാര്‍ക്കിലെ ജോലികളുടെ കരാറുകാരന് തന്നെയായിരുന്നു ബാലകൃഷ്ണയുടെ നിര്‍മാണ കരാറെടുത്തിരുന്നതും. അങ്ങനെയാണ് റാഫേല്‍ കുടുംബ ശില്പത്തിന്റെ സ്രഷ്ടാവായത്. സിമന്റും ചണചാക്കും ഉപയോഗിച്ചാണ് ശില്പം നിര്‍മിച്ചതെന്ന് റാഫേല്‍ പറഞ്ഞു. നിര്‍മാണത്തിനുശേഷം പിറകിലെ ചാക്ക് നീക്കം ചെയ്തു. വെളിച്ചത്തിന്റെ ക്രമീകരണത്തിനായി ചുമരില്‍നിന്ന് അല്‍പ്പം തള്ളി നില്ക്കുന്ന രീതിയിലാണ് നിര്‍മിച്ചത്. നിര്‍മിച്ച കാലത്ത് തന്നെ ശില്പിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ബാലകൃഷ്ണ തിയറ്റര്‍ ഒരു തവണ കണ്ടവരാരും ഈ ശില്പം മറന്നില്ല. ബാലകൃഷ്ണ ഇല്ലാതാകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ പ്രയാസം തോന്നിയെന്ന് ഇപ്പോള്‍ 80 പിന്നിട്ട റാഫേല്‍ പറഞ്ഞു. ചിറ്റാട്ടുകരയില്‍ നിന്ന് പാലക്കലിലേക്കും അവിടെ നിന്ന് മുളങ്കുന്നത്ത്കാവിലേക്കും താമസം മാറി.
കേരളത്തിലെ 220 ഓളം ക്രൈസ്തവ ദേവാലയങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് റാഫേല്‍. ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റെ ശില്പ വൈഭവമുണ്ട്. നൂറിലധികം കപ്പേളകളും നിര്‍മിച്ചിട്ടുണ്ട്. തൃശൂര്‍ പുത്തന്‍ പള്ളിയുടെ 260 അടി ഉയരത്തിലുള്ള ബൈബിള്‍ ടവറിന്റെ രേഖാചിത്രം തയാറാക്കിയതും നിര്‍മാണ സമയത്തെ മേല്‍നോട്ടം വഹിച്ചതും ഇദ്ദേഹമായിരുന്നു. ക്രൈസ്ത ദേവാലയങ്ങള്‍ക്ക് പുറമെ നിരവധി മുസ്ലിം പള്ളികളുടെ മിനാരങ്ങളിലും ഈ ശില്പിയുടെ കരവൈഭവമുണ്ട്. കണ്ണൂര്‍ മുട്ടം ജുമാത്ത് പള്ളിയും, പെരുമ്പടപ്പ് പുത്തന്‍പളളി, എടക്കഴിയൂര്‍ ജുമാ പള്ളി, അക്കിക്കാവ് പള്ളി, ചൂണ്ടല്‍ പളളി എന്നിവിടങ്ങളിലെല്ലാം ഈ വൈദഗ്ധ്യം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.