ഇനിയും എത്രനാള്‍ ചക്കംകണ്ടത്തുകാര്‍ കറുത്ത വെള്ളത്തില്‍ കഴിയണം?
text_fieldsഗുരുവായൂര്‍: ‘വേലിയേറ്റത്തില്‍ കറുത്ത വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയിലാണവര്‍. ഇത്രയും കാലമായി ആ പ്രദേശത്തുകാര്‍ക്ക് ഒരു കുടിവെള്ള പദ്ധതികൂടി ആവിഷ്കരിക്കാന്‍ നമുക്കായില്ല....’. നഗരസഭയിലെ ചക്കംകണ്ടം പ്രദേശത്തുകാര്‍ അനുഭവിക്കുന്ന ദുരിതം ഭരണപക്ഷത്തെ സി.പി.എം അംഗം പി.കെ. നൗഫല്‍ വിവരിച്ചിതങ്ങനെയായിരുന്നു.
അഴുക്കുചാല്‍ പദ്ധതിയുടെ പ്ലാന്റ്സ്ഥിതിചെയ്യുന്ന 20ാം വാര്‍ഡിന്റെ പ്രതിനിധിയാണ് നൗഫല്‍. പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വലിയതോടിലെ ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലം പ്രദേശത്ത് കെട്ടിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചില പൊതുടാപ്പുകള്‍ സ്ഥാപിക്കുക മാത്രമാണ് ഇവിടെ ആകെ ചെയ്തത്.
ഗുരുവായൂരിലെ ചില സ്ഥാപനങ്ങള്‍ സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിക്കാതെ നേരിട്ട് കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കുന്ന കാര്യം കോണ്‍ഗ്രസിലെ സി.എസ്. സൂരജ് ചൂണ്ടിക്കാട്ടി. ഈ കാനകളിലെ മാലിന്യം വലിയ തോട് വഴി ചക്കംകണ്ടത്താണ് എത്തുന്നത്.
ചക്കംകണ്ടത്തെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എം. ഷെഫീര്‍, ആര്.വി. ഷെരീഫ്, കെ.എം. മെഹ്റൂഫ് എന്നിവർ ആവശ്യപ്പെട്ടു. കാനകളിലെത്തുന്ന മലിനജലം ശുദ്ധീകരിച്ച ശേഷം മാത്രം തോട്ടിലേക്ക് വിടുന്ന സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു.
അമൃത് രണ്ടിലെ ജലവിതരണ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ കൗണ്‍സിലില്‍ ഇല്ലാത്തതും വിമര്‍ശനത്തിന് വഴിവെച്ചു. മുന്‍ ചെയര്മാന് പ്രഫ. പി.കെ. ശാന്തകുമാരിയും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എസ്. മനോജും ഉന്നയിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന് അമൃതിന്റെ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.
പഴയ പൂക്കോട് പ്രദേശത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ കുടിവെള്ള വിതരണത്തിന് ടാങ്ക് എവിടെയാണെന്നായിരുന്നു മനോജിന്റെ സംശയം. പദ്ധതിയെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങളില്ലെന്ന് പ്രഫ. ശാന്തകുമാരിയും പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ അജണ്ടയില്‍ വരുമ്പോള്‍ ജല അതോറിറ്റിയുടെ പ്രതിനിധി കൗണ്‍സിലില്‍ ഉണ്ടാകണമെന്ന് ചെയര്മാന് കൃഷ്ണദാസ് നിര്‍ദേശിച്ചു. അമൃത് രണ്ടില്‍ 25.73 കോടിയാണ് കുടിവെള്ളത്തിനായി നീക്കിവെച്ചത്.
ആനത്താവളത്തില്‍ സ്ഥാപിക്കുന്ന ടാങ്കില്‍ നിന്നും കുടിവെള്ള വിതരണത്തിനായി പൈപ്പിടുമ്പോള്‍ റോഡുകള്‍ സമയബന്ധിതമായി റീടാര്‍ ചെയ്യുന്ന കാര്യം കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.പി. ഉദയന്‍ നിര്‍ദേശിച്ചു. 70 ലക്ഷം കൊടുത്ത് വാങ്ങിയ ‘യന്തിരനെ’ ഉപയോഗിച്ച് കാനകളിലെ തടസ്സം നീക്കാമോയെന്ന് ശോഭ ഹരിനാരായണന് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.