അനധികൃത ലോഡ്ജുകള്‍ പെരുകുന്നു; ഗുരുവായൂരിലെ ലോഡ്ജുകള്‍
text_fieldsഗുരുവായൂര്‍: ഗതാഗത പരിഷ്കരണവും അനധികൃത ലോഡ്ജുകളും മൂലം ഗുരുവായൂരിലെ ലോഡ്ജ് വ്യവസായം പ്രതിസന്ധിയിലാണെന്ന് ലോഡ്ജുടമകള്‍. അടിയന്തരമായി പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ലോഡ്ജുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 170ഓളം ലോഡുകളാണ് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഗുരുവായൂരിലുള്ളത്.
വേണ്ടത്ര കൂടിയാലോചനയില്ലാതെയും ഒരുക്കങ്ങളില്ലാതെയും നടപ്പാക്കിയ ഗതാഗത പരിഷ്കരണം ലോഡ്ജുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. കിഴക്കെ നട ഗ്രൗണ്ട് താൽക്കാലിക സ്റ്റാന്‍ഡ് ആക്കുകയും പടിഞ്ഞാറെ നടയിലെ മായ ബസ് സ്റ്റാൻഡ് ടൂറിസ്റ്റ് ബസ് പാര്ക്കാക്കുകയുമാണ് പരിഹാരം. ടൗണ്‍ ഹാളിന് സമീപമുള്ള സ്ഥലം വൃത്തിയാക്കിയെടുത്ത് താൽക്കാലിക ടൂറിസ്റ്റ് ബസ് പാര്‍ക്ക് ഒരുക്കുകയും ചെയ്യാം. മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലുള്ള സര്‍വിസ് റോഡ് ഗതാഗത യോഗ്യമാക്കുകയും വേണം. ഫ്ലാറ്റുകളും വീടുകളും അനധികൃതമായി ലോഡ്ജുകളാക്കി പ്രവര്‍ത്തിക്കുന്നത് ലോഡ്ജ് വ്യവസായത്തെ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തിച്ചിരിക്കുന്നു.
നഗരസഭക്കും സര്‍ക്കാറിനും നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയില്ല. ലോഡ്ജുകളെ വാണിജ്യ സ്ഥാപനങ്ങളായി കണക്കാക്കി ജി.എസ്.ടി, വസ്തു നികുതി, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, തൊഴില്‍ നികുതി തുടങ്ങിയ ഈടാക്കുമ്പോള്‍ അനധികൃത ലോഡ്ജുകള്‍ക്ക് ഇതൊന്നും ബാധകമല്ല. വന്‍ നഷ്ടമാണ് സര്‍ക്കാറിനും നഗരസഭക്കും ഇവ വരുത്തിവെക്കുന്നത്. താമസക്കാരുടെ രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ സുരക്ഷ ഭീഷണിയുമുണ്ട്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ലോഡ്ജുകള്‍ അടച്ചിടുന്നതടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് ജി.കെ. പ്രകാശന്, സെക്രട്ടറി മോഹനകൃഷ്ണന് ഓടത്ത്, എം.ജി. ജയപാല്‍, ആര്.വി. മുഹമ്മദ്, വി.വി. ബാബു, പി.വി. രവീന്ദ്രന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.