സൈമൺ മാഷ് ഓർക്കുന്നു; അന്നും തൃശൂർ ഫോട്ടോ ഫിനിഷിൽ
text_fieldsഗുരുവായൂർ: ‘ശരിക്കും ഒരു ഫോട്ടോ ഫിനിഷ് മത്സരം. അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു ഞങ്ങൾ...’. കാൽ നൂറ്റാണ്ടു മുമ്പ് തൃശൂർ കിരീടം ചൂടിയ കലോത്സവ പോരാട്ടം ഇന്നലെയെന്നവണ്ണം സൈമൺ മാസ്റ്ററുടെ ഓർമയിൽ തിളങ്ങിനിൽക്കുന്നു.
തൃശൂർ ജില്ല അവസാനമായി സ്കൂൾ കലോത്സവ കിരീടം ചൂടിയ 1999ൽ ടീം മാനേജരായിരുന്നു പി.ഐ. സൈമൺ. ആ വിജയത്തെ കുറിച്ച് ഓർക്കുന്നതിങ്ങനെ: ‘കൊല്ലത്തായിരുന്നു മേള. നാല് മത്സരങ്ങൾ കൂടി അവസാനിക്കാനിരിക്കുമ്പോൾ പോയൻറ് നിലയിൽ തൃശൂർ മുന്നിൽ.
തൊട്ടുപിറകിൽ കോഴിക്കോട്. മറ്റു ജില്ലകൾ കുറേക്കൂടി പിന്നിലാണ്. എന്നാൽ, നടക്കാനിരിക്കുന്ന മത്സരങ്ങളിലൊന്നും തൃശൂരിന് പങ്കാളിത്തമില്ല. കോഴിക്കോടിന് ഈ മത്സരങ്ങളിലെല്ലാം പങ്കെടുക്കാൻ കുട്ടികളുണ്ട്. അവസാനംവരെ മുന്നിൽനിന്നിട്ടും കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുമെന്നുതന്നെ കരുതി. എന്നാൽ ശേഷിച്ച നാല് മത്സരങ്ങളുടെ ഫലം വന്നപ്പോൾ കോഴിക്കോടിന് പോയന്റൊന്നുമില്ല.
മറ്റു ജില്ലകളാണ് വിജയം നേടിയത്. അതോടെ പോയന്റ് നിലയിൽ മുന്നിൽ തൃശൂർ തന്നെ. രണ്ടാം സ്ഥാനം കോഴിക്കോടിനായി’.
മന്ത്രിയിൽനിന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങിയ നിമിഷം ഇപ്പോഴും തനിക്ക് മറക്കാനാവില്ലെന്ന് പി.ഐ. സൈമൺ പറഞ്ഞു. തൃശൂരിൽനിന്നുള്ള അപർണ കെ. ശർമയാണ് കലാതിലകം എന്നത് കിരീടത്തിന്റെ ശോഭയേറ്റി. വിജയം ചില പാഠങ്ങൾ പഠിപ്പിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മത്സരയിനങ്ങളിലും ജില്ലക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്ന് പിന്നീട് നടന്ന വിലയിരുത്തൽ യോഗത്തിൽ തീരുമാനിച്ചു.
നേരത്തേ തൃശൂരിന് പഞ്ചവാദ്യത്തിന് ടീം ഉണ്ടായിരുന്നില്ല. ഇക്കാര്യം പരിഹരിക്കണമെന്ന് യോഗത്തിൽ നിർദേശമുണ്ടായി. അന്നത്തെ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന പി.ആർ. വർഗീസ് ഇക്കാര്യം ജില്ല പഞ്ചായത്തിന്റെ മുൻകൈയോടെ പരിഹരിക്കാമെന്ന് ഉറപ്പുനൽകി. ഇതനുസരിച്ച് കടവല്ലൂര് ഗവ. ഹൈസ്കൂളിനെ പ്രത്യേകം തെരഞ്ഞെടുത്ത് പഞ്ചവാദ്യത്തിന് പരിശീലനം നൽകി.
കലാമണ്ഡലം താമി ആശാന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഇത് ഫലം കണ്ടു. പഞ്ചവാദ്യ രംഗത്തെ കടവല്ലൂർ പെരുമക്ക് അടിത്തറയൊരുക്കിയത് 1999ലെ കിരീടനേട്ടത്തിന്റെ തുടർച്ചയായി ജില്ല പഞ്ചായത്ത് നടത്തിയ ഇടപെടലാണെന്ന് സൈമൺ പറഞ്ഞു.
അധ്യാപന രംഗത്തുനിന്ന് വിരമിച്ച് രണ്ട് പതിറ്റാണ്ടായെങ്കിലും ഇന്നും പൊതുരംഗത്ത് സജീവമാണിദ്ദേഹം. കേച്ചേരി ജ്ഞാനപ്രകാശിനി സ്കൂളിലെ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. കെ.എസ്.ടി.എയുടെ ജില്ല ഭാരവാഹിയായിരുന്നു. ആർ.ജെ.ഡി ജില്ല ഭാരവാഹിയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.