കോവിലെൻറ 'മൂത്തേടന് ശേഖരന്' ഇനി ഓര്മ
text_fieldsഗുരുവായൂര്‍: 'മൂത്തേടന് ശേഖരന് പറഞ്ഞു, കോവിലന് എന്തോ അവാര്‍ഡ് കിട്ടിയെന്ന്. രാവിലെ ചായക്കടയില്‍നിന്ന് റേഡിയോവില്‍ കേട്ടതാണെന്നും' -കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചതിെൻറ അനുമോദന യോഗത്തില്‍ കോവിലന് തെൻറ മറുപടി പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു. കോവിലന് പ്രസംഗത്തില്‍ പരാമര്‍ശിച്ച മൂത്തേടന് ശേഖരന് എന്ന റിട്ട. ക്യാപ്റ്റന്‍ എം.ആര്. ശേഖരന് ഇനി ഓര്മ. കോവിലെൻറ ഉറ്റ ചങ്ങാതിയും ബന്ധുവുമായിരുന്നു അദ്ദേഹം.
പുല്ലാനിക്കുന്നിെൻറ നെറുകയിലെ കോവിലെൻറ വീട്ടില്‍ മിക്കവാറും സായാഹ്നങ്ങളില്‍ കോവിലനും ശേഖരനും കണ്ടാണശേരിക്കാരനായ മറ്റൊരു വിമുക്ത ഭടൻ എലത്തൂര്‍ തങ്കമണി നായര്‍ എന്ന മണിയും ഒത്തുകൂടാറുണ്ടായിരുന്നു. നാട്ടുകാരും ബന്ധുക്കളുമാണെങ്കിലും പട്ടാളത്തിലായിരിക്കേ നേഫയില്‍ (ഇന്നത്തെ അരുണാചല്‍പ്രദേശ്) വെച്ചാണ് തങ്ങളുടെ സൗഹൃദം ദൃഢമായതെന്ന് ശേഖരന് പറയാറുണ്ട്.
ചൈന യുദ്ധ കാലത്ത് ശേഖരന് 'മിസ്സിങ്' ആണെന്ന വാര്‍ത്ത വന്നിരുന്നു. ശേഖരനെ കണ്ടെത്താന്‍ അന്ന് നേഫയില്തന്നെ ഉണ്ടായിരുന്ന കോവിലന് ഏറെ പരിശ്രമിച്ചു. പട്ടാളത്തിലായിരിക്കേ കോവിലന് അയച്ച ഓരോ കത്തും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിധി പോലെ ശേഖരന് സൂക്ഷിച്ചിരുന്നതായി കോവിലെൻറ സുഹൃദ്സംഘത്തിൽ ഉണ്ടായിരുന്ന വേണു എടക്കഴിയൂര്‍ ഓർക്കുന്നു.
പട്ടാള സുഹൃത്തായ ശേഖരനെ എഴുത്തിെൻറ വഴിയിലേക്ക് നയിക്കാനും കോവിലന് ശ്രമം നടത്തിയിരുന്നു. യുദ്ധകാല അനുഭവങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതാന്‍ കോവിലന് ശേഖരനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം അന്ന് എഡിറ്ററായിരുന്ന എം.ടിയോട് പറഞ്ഞ് എം.ടി. ശേഖരന് കത്തയക്കുകയും ചെയ്തു. എന്നാല്‍, അനുഭവങ്ങള്‍ എഴുതാന്‍ മാത്രമുള്ള ഭാഷ കൈവശമില്ലെന്ന് പറഞ്ഞ് ശേഖരന് ഒഴിഞ്ഞു. കോവിലനെന്ന പേരില്‍ സാഹിത്യലോകം അടയാളപ്പെടുത്തിയ 'അയ്യപ്പേട്ടന്' തന്നെ അനുജനായാണ് എന്നും പരിഗണിച്ച് പോന്നിട്ടുള്ളതെന്ന് ശേഖരന് പറയാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.