ഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിലെഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും
text_fieldsഗുരുവായൂർ: ക്ഷേത്രത്തിൽ കാണിക്കയായി താളിയോലയിൽ എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങൾ.
ഹൈദരാബാദ് സ്വദേശി ഹർഷ വിജയ്, ഭാര്യ ലക്ഷ്മി സരസ്വതി എന്നിവരാണ് പഴയ മലയാളലിപിയിൽ എഴുതിയ രണ്ടു ഗ്രന്ഥങ്ങളും വഴിപാടായി സമർപ്പിച്ചത്. ഒന്നേകാൽ അടിയോളം നീളമുള്ള ഗ്രന്ഥങ്ങൾക്ക് നാലര ഇഞ്ചാണ് കനം. ചെറുശ്ശേരി നമ്പൂതിരി രചിച്ച ഭക്തികാവ്യമാണ് കൃഷ്ണഗാഥ.
ശുദ്ധമായ മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും വിളിച്ചോതുന്ന കൃഷ്ണഗാഥയുടെ 1828ൽ എഴുതപ്പെട്ട പകർപ്പാണിതെന്ന് കരുതുന്നു.
മഹാഭാരതം പകർപ്പ് 1889ൽ എഴുതിയതാണെന്ന് സൂചനയുണ്ട്. കളമെഴുത്ത് കലാകാരനായ മണികണ്ഠൻ കല്ലാറ്റ് കളമെഴുത്ത് പാട്ടുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ ഹർഷ വിജയിയുടെ വീട്ടിലെത്തിയപ്പോഴാണ് അവിടെ സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങൾ കണ്ടത്. മണികണ്ഠെൻറ നിർദേശാനുസരണമാണ് ഗ്രന്ഥങ്ങൾ ക്ഷേത്രത്തിന് കൈമാറിയത്.
ഹർഷ വിജയ്, ലക്ഷ്മി സരസ്വതി, മക്കളായ ഗഗന പ്രിയ, മേഘനസുധ, ശ്രീഗണേഷ്, ഭാനുമതി എന്നിവർ ചേർന്നാണ് ഗ്രന്ഥങ്ങൾ സമർപ്പിച്ചത്. ക്ഷേത്രം അസി. മാനേജർ ഷാജു ശങ്കർ, പബ്ലിക്കേഷൻസ് അസി. മാനേജർ കെ.ജി. സുരേഷ് കുമാർ, ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, മണികണ്ഠൻ കല്ലാറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.