മര അലമാരയിലെ തുടക്കം; ‘തട്ടകത്തിന്റെ’ വായനശാലക്ക് 75
text_fieldsഗുരുവായൂർ: 1949 ൽ കണ്ടാണശേരി എക്സൽസിയർ സ്കൂളിൽ മാവിൻ പലക കൊണ്ടുള്ള അലമാരയിൽ നിന്നായിരുന്നു തുടക്കം. പിന്നെയത് വളർന്നു; ഒരു നാടിനെ മുഴുവൻ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചാനയിച്ച കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയായി പന്തലിച്ചു. നാടിന്റെ സമഗ്ര മേഖലയെയും സ്പർശിച്ചൊഴുകിയ മഹാപ്രസ്ഥാനമായി വളർന്ന വായനശാലയിപ്പോൾ 75 ന്റെ നിറവിലാണ്. സാഹിത്യത്തിൽ പുതുവഴി വെട്ടിയ കോവിലൻ, സ്വാതന്ത്ര്യസമരസേനാനിയും ഐ.എൻ.എയുടെ ഭടനുമായിരുന്ന പി.കെ. മണത്തിൽ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഡോ. രാഘവൻ വെട്ടത്ത്, വി.യു. ശങ്കരൻകുട്ടി, കെ.കെ. കേശവൻ എന്നിവരെല്ലാം പല ഘട്ടത്തിൽ വായനശാലക്ക് നേതൃത്വം നൽകിയവരാണ്. സാഹിത്യ സമാജമായുള്ള തുടക്കം വായനശാലയായി വിപുലപ്പെടുകയായിരുന്നു.
1950കളിൽ കണ്ടാണശേരിയിലെ പുത്തൻ കളത്തിനടുത്തുള്ള വാടകമുറിയിലേക്ക് മാറി. 1952ൽ വായനശാലയുടെ ഭാഗമായി കലാസമിതി നിലവിൽ വന്നു. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, സംവിധായകൻ പവിത്രൻ തുടങ്ങിയവർ പ്രധാന സംഘാടകരായിരുന്നു. ആ കാലത്തുതന്നെ ജില്ലയിൽ അറിയപ്പെടുന്ന നാടക ട്രൂപ്പും കലാസമിതിക്ക് ഉണ്ടായി. 1970ലാണ് ഇപ്പോഴത്തെ സ്ഥലവും കെട്ടിടവും ഉണ്ടാവുന്നത്. 2000ൽ എസ്. അജയകുമാറിന്റെ എം.പിയുടെഫണ്ടും നാട്ടുകാരുടെ സഹായവും കൊണ്ട് പുതിയ കെട്ടിടം നിർമിച്ചു.
പതിനേഴായിരം പുസ്തകങ്ങളാണ് ഇപ്പോഴുള്ളത്. വായനശാലയുടെ ഭാഗമായി വയോജനവേദി, ബാലവേദി, വനിതാ വേദി, യുവത എന്നിവയും പ്രവർത്തിക്കുന്നുണ്ട്. പ്രതിമാസ സംവാദം, കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാടക കളരി, ഫുട്ബാൾ പരിശീലനം, ടൂർണമെൻറ്, തായംകളി മത്സരം, ചിത്രകലാ ക്യാമ്പ് എന്നിവയും നടന്നുവരുന്നു.
75ാംവാർഷിക സമാപനം 18ന് രാവിലെ 10 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സെമിനാർ രാവിലെ 10 ന് എം.സി. രാജ് നാരായണൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം വൈകീട്ട് അഞ്ചിന് നടൻ ഇർഷാദ് ഉദ്ഘാടനം ചെയ്യും. ടി.കെ. വാസു മുഖ്യപ്രഭാഷണം നടത്തും. എം.പി. രാമചന്ദ്രൻ മുഖ്യ അതിഥിയാകും. വൈകീട്ട് ഏഴിന് സുനിൽചൂണ്ടൽ സംവിധാനം നിർവഹിച്ച ‘പുറപ്പാട്’ ലഘു നാടകവും 7.30 ന് കെ.പി.എ.സിയുടെ ‘മുടിയനായ പുത്രൻ’ നാടകവും ഉണ്ട്. പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ, ബൈജു പന്തായിൽ, പി.എ. ദിനുദാസ്, വി.ഡി. ബിജു, കെ.ബി. സനീഷ്, കെ.കെ. ഭൂപേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.