‘ജീപ്പിൽ കൊണ്ടുപോകില്ല; ഓട്ടോയിൽ കൊണ്ടുവരൂ’
text_fieldsഗുരുവായൂർ: മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടിയയാളെ ഓട്ടോ വിളിച്ച് സ്റ്റേഷനിൽ എത്തിക്കാൻ നിർദേശിച്ച് സ്ഥലത്ത് ജീപ്പിലെത്തിയ പൊലീസ്. ജീപ്പിൽ കൊണ്ടുപോയാൽ മതിയെന്നും ഓട്ടോയിലെത്തിക്കാനാവില്ലെന്നും നാട്ടുകാർ പറഞ്ഞതോടെ പിടികൂടിയ ആളുടെ ഫോൺ വാങ്ങി സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ് പൊലീസ് സ്ഥലം വിട്ടു.
ചൊവ്വാഴ്ച രാവിലെ 11 ഓടെ പടിഞ്ഞാറെ നടയിലെ വാട്ടർ എ.ടി.എമ്മിന് സമീപത്തായിരുന്നു സംഭവം. ഇവിടെ പാർക്ക് ചെയ്ത സ്കൂട്ടറുകളുടെ സീറ്റിനടിയിലെ ബോക്സ് തുറക്കാൻ ശ്രമിച്ചയാളെ പരിസരത്തെ കച്ചവടക്കാർ ചേർന്ന് പിടികൂടുകയായിരുന്നു. നേരത്തെ ജയശ്രീ തിയേറ്റർ പരിസരത്തും ഇയാൾ പാർക്ക് ചെയ്ത സ്കൂട്ടറുകൾക്കടുത്ത് സംശയാസ്പദ നിലയിൽ നിന്നിരുന്നത് കണ്ടവരുണ്ട്.
സംശയിക്കുന്ന ആളെ തടഞ്ഞുവെച്ച് വിവരം ടെമ്പിൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. എന്നാൽ ഇയാളെ സ്റ്റേഷനിലേക്ക് ജീപ്പിൽ കൊണ്ടുപോകാൻ തയാറാകാതെ ഓട്ടോയിൽ സ്റ്റേഷനിലെത്തിക്കാൻ എസ്.ഐ നിർദേശിച്ചുവെന്ന് പരിസരത്തുള്ളവർ പറഞ്ഞു.
ദിവസങ്ങളായി ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യുന്ന സ്കൂട്ടറുകളിൽനിന്നും പണവും വിലപ്പിടിപ്പുള്ള ഫോണുകളും നഷ്ടപ്പെടുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം തെക്കേനടയിൽ കേശവന്റെ പ്രതിമയുടെ മുമ്പിൽ പാർക്ക് ചെയ്ത ദേവസ്വത്തിലെ ജീവനക്കാരൻ പി.എം. കണ്ണന്റെ സ്കൂട്ടറിൽ നിന്ന് 7000 രൂപ നഷ്ടപ്പെട്ടിരുന്നു.
കണ്ണൻ ടെമ്പിൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സമീപത്തെ ഗോകുലം ഹോട്ടലിലെ സി.സി.ടി.വി കാമറ പരിശോധിച്ച് മോഷ്ടാവിന്റെ ദൃശ്യം എടുത്തിരുന്നു. തുടർന്ന് പൊലീസ് തന്നെ ഇയാളെ എവിടെയെങ്കിലും കണ്ടാൽ അറിയിക്കാൻ പറഞ്ഞ് മോഷ്ടാവിന്റെ പടം കണ്ണന് നൽകി. ഈ ചിത്രത്തിലുള്ളയാളെ തന്നെയാണ് ചൊവ്വാഴ്ച പിടികൂടിയതെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസിന് പിടികൂടാൻ കഴിയാത്തയാളെ നാട്ടുകാർ പിടികൂടി ഏൽപ്പിച്ചിട്ടും കസ്റ്റഡിയിൽ എടുക്കാത്തതിൽ പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.