ലോക്ഡൗൺ തോൽക്കും; നാട്ടുചന്തയിൽ
text_fieldsഗുരുവായൂർ: നല്ല നാടൻ അവലോസുപൊടി വേണോ, അതോ നാടൻ കോഴിമുട്ടയും ജൈവ പച്ചക്കറികളുമാണോ വേണ്ടത്? എന്തിനും ഏതിനും ലോക്ഡൗൺ കാലത്ത് 'നാട്ടുചന്ത' വാട്സ്ആപ് കൂട്ടായ്മ റെഡി. പച്ചക്കറിക്ക് വളമിടാൻ ചാണക പൊടിക്കും വെന്ത വെളിച്ചെണ്ണക്കും നാടൻ പുഴ മത്സ്യത്തിനുമെല്ലാം ഈ കൂട്ടായ്മയുടെ സഹായം ലഭിക്കും. ലോക്ഡൗൺ കാലത്ത് നാടൻ ഉൽപന്നങ്ങളുടെ വിപണനത്തിന് തുണയാകാൻ ഗുരുവായൂർ നഗരസഭ 35ാം വാർഡ് മുൻ കൗൺസിലർ ബഷീർ പൂക്കോടാണ് നാട്ടുചന്ത കൂട്ടായ്മക്ക് തുടക്കമിട്ടത്.
ചെറിയ തോതിൽ ആരംഭിച്ച ഗ്രൂപ്പിൽ ആളുകളുടെയും ആവശ്യക്കാരുടെയും എണ്ണം കൂടിയപ്പോൾ രണ്ടാമത് ഒരു ഗ്രൂപ്പുകൂടി തുടങ്ങേണ്ടി വന്നുവെന്ന് ബഷീർ പറഞ്ഞു. ലോക്ഡൗണിൽ എല്ലാം പൂട്ടിക്കെട്ടിയപ്പോൾ തങ്ങളുടെ ഉൽപന്നങ്ങൾ എങ്ങനെ വിറ്റഴിക്കും എന്ന് ആശങ്കപ്പെട്ടവർക്ക് ആശ്വാസമായി മാറുകയായിരുന്നു നാട്ടുചന്ത ഗ്രൂപ്. തങ്ങൾക്ക് വേണ്ട സാധനങ്ങൾ എവിടെ കിട്ടുമെന്ന് അറിയാതെ വലഞ്ഞവർക്കും ഈ ഗ്രൂപ് തുണയായി.
ഇടനിലക്കാരില്ലാതെ സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുന്നത് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഗുണകരവുമായി. ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിച്ച് സഹായിക്കാൻ ആർ.ആർ.ടിമാരും രംഗത്തെത്തിയതോടെ അടച്ചുപൂട്ടലിെൻറ കാലത്തും നാട്ടുചന്തയിൽ കച്ചവടം പൊടിപൊടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.