മോദിയുടെ സന്ദർശനം; വിവാഹങ്ങൾക്ക് ഉപാധിയോടെ അനുമതി നൽകാമെന്ന്
text_fieldsഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെ കല്യാണ മണ്ഡപത്തില്‍ നടക്കുന്ന സമയത്ത് ഇതേ മുഹൂര്‍ത്തമുള്ള രണ്ട് വിവാഹങ്ങള്‍ കൂടി ക്ഷേത്ര സന്നിധിയിലെ കല്യാണ മണ്ഡപങ്ങളില്‍ നടത്താം. എന്നാൽ ഈ സമയത്ത് വിവാഹം നടത്തേണ്ട വിവാഹസംഘങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ പൊലീസിൽ അപേക്ഷ നൽകി പാസ് കൈപ്പറ്റണം.
ക്ഷേത്രസന്നിധിയിലെ നാല് കല്യാണ മണ്ഡപങ്ങളിൽ ആദ്യത്തേതിലാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. രണ്ടാമത്തെ മണ്ഡപം ഒഴിച്ചിട്ട് മൂന്നും നാലും മണ്ഡപങ്ങളിലാണ് ഈ സമയത്ത് വിവാഹം നടത്തുന്നതിന് അപേക്ഷ നൽകുന്നവർക്ക് അനുവാദം നൽകുക. ഇത്തരത്തിൽ അപേക്ഷ നൽകി അനുവാദം ലഭിക്കുന്ന സംഘങ്ങളിലെ ചടങ്ങിൽ പങ്കെടുക്കുന്നവർ കോവിഡിനുള്ള ആർ.ടി.പി.സി.ആർ പരിശോധനയും നടത്തേണ്ടതുണ്ട്.
മോദി പങ്കെടുക്കുന്നതിന്റെ സുരക്ഷ പരിഗണിച്ച് രാവിലെ ആറ് മുതല്‍ ഒമ്പത് വരെ നടക്കേണ്ട എല്ലാ വിവാഹങ്ങളുടെയും സമയം മാറ്റാനായിരുന്നു നേരത്തെ തീരുമാനം. വിവാഹങ്ങളുടെയെല്ലാം സമയം മാറ്റുന്നത് വിവാദമായതോടെയാണ് ഈ സമയത്ത് നടക്കേണ്ട രണ്ട് വിവാഹങ്ങള്‍ മണ്ഡപങ്ങളില്‍ നടത്താന്‍ തീരുമാനമായത്.
വിവാഹങ്ങള്‍ മാറ്റിയതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. വിവാഹങ്ങള്‍ മാറ്റിയിട്ടില്ലെന്നും ക്രമീകരണം മാത്രമാണെന്ന് വിശദീകരിക്കാന്‍ ദേവസ്വം ശ്രമിച്ചിരുന്നു. ആറിനും ഒമ്പതിനും ഇടയിലുള്ള സമയത്തെ വിവാഹങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചതിനെ തുടർന്ന് ഈ സമയത്ത് വിവാഹം നടത്താനായി ബുക്ക് ചെയ്ത വർ നിശ്ചയിച്ചതിൽനിന്നും സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 17ന് രാവിലെ 7.40നാണ് പ്രധാനമന്ത്രി ദർശനത്തിനായി ക്ഷേത്രത്തിലെത്തുക.
എട്ട് വരെ ക്ഷേത്രത്തിൽ ചിലവഴിക്കുന്ന പ്രധാനമന്ത്രി പുറത്തുകടന്ന ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. 9.30നാണ് ഗുരുവായൂരിൽ നിന്നും പ്രധാനമന്ത്രി മടങ്ങുക.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി എ.ഡി.ജി.പി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ നാരായണീയം ഹാളിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും ദേവസ്വത്തിലേയും പൊലീസിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം എസ്.പി.ജി എ.ഡി.ജി.പി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ എസ്.പി.ജി സംഘം ക്ഷേത്രത്തിനകത്ത് പരിശോധനയും നടത്തി.
ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം
ഗുരുവായൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച രാവിലെ ആറിന് ശേഷം ചൂണ്ടലിൽനിന്നും കൂനംമൂച്ചിയിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. കൂനംമൂച്ചിയിൽനിന്നും അരിയന്നൂരിലേക്കും വാഹനങ്ങൾ പ്രവേശിക്കരുത്. ഗുരുവായൂർ ഔട്ടർ റിങ് റോഡിന്റെ തെക്കുഭാഗത്തേക്ക് (ചിൽഡ്രൻസ് പാർക്ക് മുതൽ കാരക്കാട് വരെയുളള ഭാഗം) വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.
സ്വകാര്യബസുകൾ പടിഞ്ഞാറേ നടയിലുള്ള കമ്പിപ്പാലത്തിനടുത്ത് താൽക്കാലികമായി ക്രമീകരിച്ച, മായാ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാം. ചാവക്കാട് ഭാഗത്തേക്കുള്ള ടിപ്പർ/ ടോറസ് പോലുളള വാഹനങ്ങൾ പെരുമ്പിലാവ് ജങ്ഷന് മുമ്പ് നിർത്തി പാർക്ക് ചെയ്യണം.
പൊന്നാനി, ചാവക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് വരുന്ന ടിപ്പർ/ ടോറസ് പോലുള്ള ഭാരവാഹനങ്ങൾ ചാവക്കാട് ജങ്ഷന് മുമ്പ് നിർത്തി പാർക്ക് ചെയ്യണം. പാവറട്ടി ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് വരുന്ന ടിപ്പർ/ ടോറസ് പോലുള്ള ഭാരവാഹനങ്ങൾ പഞ്ചാരമുക്ക് ജങ്ഷന് മുമ്പ് പാർക്ക് ചെയ്യണം. ചാവക്കാട് ഭാഗത്തുനിന്നും വരുന്ന ബസുകൾ, ചാവക്കാട്-മുതുവട്ടൂർ-പടിഞ്ഞാറേ നട- മഹാരാജ-കാരേക്കാട് ജങ്ഷൻ - പഞ്ചാരമുക്കു വഴി തിരിഞ്ഞുപോകണം. കുന്നംകുളം ഭാഗത്തുനിന്നും വരുന്ന ബസുകളും, ഹെവി വാഹനങ്ങളും, മമ്മിയൂർ- മുതുവട്ടൂർ-പടിഞ്ഞാറേ നട- കൈരളി ജങ്ഷൻ- മമ്മിയൂർ ക്ഷേത്രം - മമ്മിയൂർ ജങ്ഷൻ വഴി തിരിഞ്ഞുപോകണം. തൃശൂർ ഭാഗത്തുനിന്നും വരുന്ന എല്ലാ ബസുകളും, ഹെവി വാഹനങ്ങളും, ചൂണ്ടൽ-കുന്നംകുളം-കോട്ടപ്പടി-മമ്മിയൂർ-മുതുവട്ടൂർ-പടിഞ്ഞാറേ നട- കൈരളി ജങ്ഷൻ- മമ്മിയൂർ ക്ഷേത്രം - മമ്മിയൂർ ജങ്ഷൻ വഴി തിരിഞ്ഞു പോകണം. തമ്പുരാൻപടി ഭാഗത്തുനിന്നും കോട്ടപ്പടി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും, ആൽത്തറ ജങ്ൻ-തമ്പുരാൻപടി- കോട്ടപ്പടി വഴി തിരിഞ്ഞുപോകണം.
ബസുകൾക്കും, ഹെവി വാഹനങ്ങൾക്കും കൈരളി ജങ്ഷൻ മുതൽ മമ്മിയൂർ ജങ്ഷൻ വരെ വൺ വേ ആയിരിക്കും. ഇന്നർ റിങ് റോഡിൽ വാഹനങ്ങൾക്കു പ്രവേശനമില്ലാത്തതിനാൽ, അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ മമ്മിയൂർ-തമ്പുരാൻ പടി റോഡരികിൽ പാർക്കു ചെയ്ത് ക്ഷേത്രദർശനത്തിന് പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.