നായരങ്ങാടിയിൽ കാന നിർമാണം തടഞ്ഞ കെട്ടിട ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു
text_fieldsവടക്കേക്കാട്: സംസ്ഥാനപാതയോരത്ത് പൊതുമരാമത്ത് കാന നിർമാണം തടഞ്ഞ കെട്ടിട ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നായരങ്ങാടിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുനടക്കുന്ന കാന നിർമാണം വിഷുവിന് നിർത്തിവെച്ച് ചൊവ്വാഴ്ച രാവിലെ വീണ്ടും തുടങ്ങി. കാർത്തിക ബിൽഡിങ്സിലെ എൽ.ഇ ഇലക്ട്രോണിക്സിന് മുന്നിൽ ഇഷ്ടിക പാകിയ ഭാഗം ചാലുകീറുമ്പോൾ കെട്ടിട ഉടമ തെക്കേക്കര ശിവൻ എത്തി തന്റെ സ്ഥലത്ത് നിർമാണം അനുവദിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളികളെ തടഞ്ഞു. പി.ഡബ്ല്യൂ.ഡി ചാവക്കാട് ഡിവിഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇദ്ദേഹത്തോട് പണി നിർത്തിവെക്കുന്നതിന് മതിയായ രേഖകൾ ആവശ്യപ്പെട്ടെങ്കിലും താലൂക്ക് സർവേയർക്ക് നൽകിയ അപേക്ഷയുടെ കോപ്പി മാത്രമാണ് കാണിച്ചത്.
ദീർഘ നേരത്തേ തടസ്സവാദങ്ങൾക്കൊടുവിൽ ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണം തേടി. വടക്കേക്കാട് എസ്.എച്ച്.ഒ അമൃതരംഗന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പൊലീസുമായും തർക്കത്തിൽ ഏർപ്പെട്ട ശിവൻ തറയിൽകിടന്ന് പ്രതിഷേധിച്ചതതോടെ ബലമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചെറിയ മഴയിലും വെള്ളക്കെട്ട് പതിവായ നായരങ്ങാടിയിൽ കാന വേണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. രണ്ടുവർഷം മുമ്പ് പൊതുമരാമത്ത് റോഡ് വിഭാഗം പദ്ധതി തയാറാക്കിയെങ്കിലും റോഡരികിലെ അനധികൃത നിർമാണം തടസ്സമായി. ഏതാനും മാസം മുമ്പ് റോഡ് അളന്ന് തിട്ടപ്പെടുത്തി പൊതുസ്ഥലത്തെ നിർമാണം പൊളിച്ചുനീക്കാൻ കെട്ടിട ഉടമകൾക്ക് പി.ഡബ്ല്യൂ.ഡി നോട്ടീസ് നൽകിയതാണ്. സെന്ററിലെ നമസ്കാര പള്ളി കമ്മിറ്റി മാത്രമാണ് അപ്രകാരം ചെയ്തത്. അതേസമയം കാന നിർമാണം തടസ്സങ്ങളില്ലാതെ നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ചയിലെ അനിഷ്ട സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.