അവരൊന്നും യൂസര്‍ ഫീ നല്‍കാറില്ല...
text_fieldsഗുരുവായൂര്‍: നഗരസഭയുടെ സ്ഥാപനങ്ങളില്‍നിന്നും നഗരസഭ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന വീടുകളില്‍നിന്നും ഹരിത കര്‍മ സേനക്ക് മാലിന്യ സംസ്കരണത്തിനുള്ള യൂസര്‍ ഫീ നല്‍കാറില്ലെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എസ്. മനോജ്. തന്റെ വാര്‍ഡില്‍ താമസിക്കുന്ന മറ്റൊരു വാര്‍ഡിന്റെ കൗണ്‍സിലറുടെ വീട്ടില്‍നിന്ന് യൂസര്‍ഫീ ലഭിക്കാറില്ലെന്ന് നാലാം വാര്‍ഡ് കൗണ്‍സിലര്‍ ലത സത്യനും വെളിപ്പെടുത്തി.
ഭരണപക്ഷ അംഗങ്ങള്‍ തന്നെയാണ് കൗണ്‍സിലില്‍ യൂസര്‍ഫീ സംബന്ധിച്ച വീഴ്ചകള്‍ തുറന്നുപറഞ്ഞത്. യൂസര്‍ഫീ കലക്ഷന്‍ 100 ശതമാനം ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു ഈ വെളിപ്പെടുത്തലുകള്‍. ഹരിത കര്‍മസേന ശേഖരിച്ച മാലിന്യങ്ങളുടെ ചാക്കുകള്‍ തന്റെ വാര്‍ഡില്‍ കൂടിക്കിടക്കുകയാണെന്ന് ഭരണപക്ഷത്തെ തന്നെ എ.വി. അഭിലാഷും പറഞ്ഞു.
നഗരസഭയില്‍ നിന്നും നഗരസഭയുടെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ഫീ ലഭിക്കാന്‍ അടിയന്തര നടപടിയുണ്ടാവുമെന്ന് ചെയര്മാന് എം. കൃഷ്ണദാസ് അറിയിച്ചു. കൗണ്‍സിലറുടെ വീട്ടില്‍ നിന്നും യൂസര്‍ഫീ നല്‍കാത്തത് പരിശോധിക്കും.
നിലവില്‍ 74 ശതമാനം യൂസര്‍ഫീയാണ് ലഭിക്കുന്നതെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അറിയിച്ചു. 10 വാര്‍ഡുകള്‍ 100 ശതമാനത്തിലെത്തി. 15 വാര്‍ഡുകള്‍ 90 ശതമാനത്തിലെത്തിയിട്ടുണ്ട്. ചെയര്മാന് ആവര്‍ത്തിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അജണ്ടയില്‍ തെറ്റ് വരുന്നത് തുടരുകയാണെന്ന് പി.കെ. ശാന്തകുമാരി ചൂണ്ടിക്കാട്ടി.
അംഗന്‍വാടി അധ്യാപക നിയമനത്തില്‍ ക്രമക്കേടാരോപിച്ച് നഗരസഭ കൗണ്‍സിലില്‍നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. അര്‍ഹതപ്പെട്ട പലരേയും ഒഴിവാക്കി സി.പി.എമ്മുകാരെ കുത്തിത്തിരുകിയാണ് പട്ടിക തയാറാക്കിയതെന്നായിരുന്നു ആരോപണം. പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, സി.എസ്. സൂരജ്, കെ.പിഎ. റഷീദ്, കെ.എം. മെഹറൂഫ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.