നമ്പര്‍ 14 ഗേറ്റ് ഓര്‍മകളിലേക്ക് ‘അടയുന്നു’
text_fieldsഗുരുവായൂര്‍: റെയില്‍വേ രേഖകളില്‍ പൂങ്കുന്നം - ഗുരുവായൂര്‍ സ്റ്റേഷനുകള്‍ക്ക് മധ്യേയുള്ള നമ്പര്‍ 14 ഗേറ്റ് ഓര്‍മകളിലേക്ക് മടങ്ങുന്നു. മേല്‍പാലം വരുന്നതിന്റെ ഭാഗമായാണ് ഗുരുവായൂര്‍ -തൃശൂര്‍ റോഡിലെ ഗേറ്റ് അടയുന്നത്. പാലം നിര്‍മാണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്കു മുമ്പേ ഈ ഗേറ്റ് അടച്ചിരുന്നു. എന്നാല്‍, ഗേറ്റ് ഇല്ലാതെയാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴാണ് പൂര്‍ത്തിയാകുന്നത്. ഗേറ്റ് സ്ഥിരമായി അടക്കുന്നതിന് അനുമതി നല്‍കിയുള്ള കലക്ടറുടെ കത്ത് ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് ഈ മാസം 21ന് കൈമാറി. ഗുരുവായൂര്‍ -തൃശൂര്‍ റോഡില്‍ യാത്ര ചെയ്തവരാരും ഈ ഗേറ്റില്‍ ഒരിക്കലെങ്കിലും കാത്തുകിടക്കാതിരുന്നിട്ടുണ്ടാവില്ല. ഒരു ദിവസം 30ലധികം തവണയാണ് ഈ ഗേറ്റ് തുറന്നടക്കാറുള്ളത്. ഗുരുവായൂര്‍ ദര്‍ശനത്തിന് വന്ന പല വി.ഐ.പികളും ഈ ഗേറ്റിന് മുന്നില്‍ കാത്തുകിടക്കേണ്ടി വന്നിട്ടുണ്ട്. ഗേറ്റ് അടക്കുംമുമ്പ് കടക്കാന്‍ കുതിച്ചെത്തി ഗേറ്റിലിടിച്ച വാഹനങ്ങളും നിരവധിയാണ്.
പലപ്പോഴും ഗേറ്റ് സാങ്കേതിക തകരാറുമൂലം തുറക്കാന്‍ കഴിയാതിരിക്കുകയും ചെയ്തു. കാത്തുകിടക്കേണ്ടി വന്ന നിരവധി പേരുടെ ശാപം ഏറ്റുവാങ്ങിയ ഗേറ്റാണ് ഇപ്പോള്‍ ഇല്ലാതാവുന്നത്. പാലം വന്നാലും ഗേറ്റ് നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. തിരുവെങ്കിടം ഭാഗത്തുനിന്ന് ഗുരുവായൂരിലേക്ക് നടന്നു പോകുന്നവര്‍ക്ക് മേൽപാലം കയറാതെയും റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കയറാതെയും പോകാനുള്ള വഴിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.