വാട്ടർ അതോറിറ്റിയെ 'വെള്ളം കുടിപ്പിച്ച്' വീട്ടമ്മയുടെ സമരം
text_fieldsഗുരുവായൂര്‍: വയോധികയുടെ സമരവീര്യത്തിന് മുന്നിൽ വാട്ടർ അതോറിറ്റി മുട്ടുമടക്കി. ഒരുമനയൂര്‍ അമ്പലത്താഴത്ത് പങ്കജവിലാസത്തില്‍ പരേതനായ നടരാജ പിള്ളയുടെ ഭാര്യ പങ്കജവല്ലിയാണ് ഒറ്റയാൾപോരാട്ടം നടത്തിയത്. ഒരാഴ്ചയിലധികമായി കുടിവെള്ളം ലഭിക്കാതിരുന്നതിനെ തുടർന്നാണ് തനിച്ച് താമസിക്കുന്ന വയോധിക വീട്ടമ്മ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ പായ് വിരിച്ചിരുന്ന് പ്രതിഷേധിച്ചത്. വീട്ടിലേക്ക് വെള്ളം ലഭിച്ചാലല്ലാതെ പ്രതിഷേധം നിർത്തില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സമരത്തിനെത്തിയത്.
എട്ടു ദിവസമായി തെൻറ വീട്ടില്‍ വെള്ളം വരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. രണ്ടു വർഷത്തെ വെള്ളക്കരം മുൻകൂർ അടച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വീടിെൻറ പരിസരം കണ്ടെയ്ന്‍മെൻറ് സോണായതിനാല്‍ കുടിവെള്ളം ലഭിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല. വര്‍ഷങ്ങളായി രാവിലെയും വൈകീട്ടും മാത്രമായാണ് വെള്ളം ലഭിച്ചിരുന്നത്. ഇപ്പോൾ അതും നിലച്ചു. പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് താൻ ഓഫിസിന് മുന്നിൽ പായ് വിരിച്ച് ഇരിക്കുന്നതെന്നും വ്യക്തമാക്കി.
പ്രതിഷേധമറിഞ്ഞ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ വാട്ടര്‍ അതോറിറ്റിയിലെത്തി ഇവര്‍ക്ക് വെള്ളം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ചായപോലും കുടിക്കാൻ തയാറാകാതെ വീട്ടമ്മ കുത്തിയിരിപ്പ് തുടർന്നപ്പോൾ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കാൻ നെട്ടോട്ടമായി. വൈകീട്ട് അഞ്ചിന് ഓഫിസ് സമയം അവസാനിക്കാറായപ്പോൾ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പങ്കജവല്ലി സമരം അവസാനിപ്പിച്ചില്ല. പൈപ്പ് ഉടൻ ശരിയാക്കുമെന്ന ഉറപ്പിലും പിൻവാങ്ങിയില്ല. ഒടുവിൽ തകരാർ പരിഹരിച്ച് വീട്ടിലേക്ക് വെള്ളം എത്തിത്തുടങ്ങിയെന്ന് വൈകീട്ട് 6.30ഓടെ ഉറപ്പാക്കിയശേഷമാണ് സമരം പിൻവലിച്ച് വീട്ടിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.