കുറ്റക്കാരെ ശിക്ഷിച്ചോളൂ, കഞ്ഞിയില്‍ പാറ്റയിടല്ലേ...
text_fieldsഗുരുവായൂര്‍: നഗരത്തിലെ ഹോട്ടലുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് (കെ.എച്ച്.ആര്.എ) പൊലീസില്‍ പരാതി നല്കി. ഒരു വര്‍ഷം മുമ്പ് നടന്ന പരിശോധനയില്‍ ചില ഹോട്ടലുകള്‍ക്കെതിരെ അധികൃതര്‍ സ്വീകരിച്ച നടപടികളുടെ വാര്‍ത്ത ഉപയോഗിച്ചാണ് ഇപ്പോഴും ചില കേന്ദ്രങ്ങള്‍ ഗുരുവായൂരിലെ ഹോട്ടലുകള്‍ക്കെല്ലാം എതിരായി പ്രചരണം നടത്തുന്നത്. തീര്‍ഥാടനത്തിന് പോകുന്നവര്‍ ഗുരുവായൂരിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കരുത് എന്ന ആഹ്വാനവുമായാണ് ചിലര്‍ പ്രചരണം നടത്തുന്നത്. പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നാണ് പ്രചരിപ്പിക്കുന്നത്. നോണ്‍ വെജ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ പ്രചരണം നടത്തുന്നവരുമുണ്ട്.
ഗുരുവായൂരിലെ ഹോട്ടല്‍ വ്യവസായത്തെ തന്നെ തകര്‍ക്കുന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെ.എച്ച്.ആര്.എ സെക്രട്ടറി സി.എ. ലോകനാഥന് ടെമ്പിള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. വന്‍ ക്രിമിനല്‍ ഗൂഡാലോചന ഇതിന് പുറകിലുണ്ട്. നിയമാനുസൃത പരിശോധനകളെ സംഘടന എതിര്‍ക്കുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പരിശോധന വാര്‍ത്ത ഉപയോഗിച്ച് ഗുരുവായൂരിലെ നൂറ് കണക്കിന് ഹോട്ടലുകളുടെ ഉടമകളുടെയും ജീവനക്കാരുടെയും കഞ്ഞിയില്‍ പാറ്റയിടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.