ഗുരുവായൂർ ക്ഷേത്രപരിസരത്ത് സ്ത്രീകളെ ശല്യപ്പെടുത്തുകയും മോഷണം നടത്തുകയും ചെയ്തയാൾ അറസ്റ്റിൽ
text_fieldsjഗുരുവായൂര്‍: ക്ഷേത്ര പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ. നിരവധി മോഷണ കേസിലെ പ്രതിയായ പത്തനംതിട്ട ചിറ്റാർ വടക്കേമുറി കാരക്കൽ വീട്ടിൽ സുരേഷിനെയാണ് (48) ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂരിലെ വിവിധ ലോഡ്ജുകളിൽ ജോലി ചെയ്ത് വരുമ്പോഴാണ് ഇയാൾ മോഷണങ്ങൾ നടത്തിയിട്ടുള്ളത്. സ്ത്രീകളെ സ്ഥിരമായി ശല്യപ്പെടുത്തിയതിനും ഇയാൾക്കെതിരെ പരാതികളുണ്ട്. മുൻ വനിത കൗൺസിലറെയടക്കം ശല്യപ്പെടുത്തിയിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വസതിയുടെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് ബാഗ് മോഷ്ടിച്ചതടക്കം നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം, ചങ്ങരംകുളം, വാടാനപ്പിള്ളി, ചാവക്കാട്, തൃശൂർ ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇതെല്ലാം മറച്ചുവെച്ചാണ് ഇയാൾ ലോഡ്ജുകളിൽ ജോലി ചെയ്തിരുന്നത്.
സൗജന്യ താമസം ലഭിക്കുമെന്നതും സ്ഥിരമായി ഗുരുവായൂരിൽ തങ്ങി മോഷണം നടത്താമെന്നതുമാണ് ഇയാൾ ലോഡ്ജുകളിൽ ജോലി സമ്പാദിക്കാൻ കാരണം.
ലോഡ്ജുകളിൽ ജോലിക്ക് എത്തുന്നവരുടെ പശ്ചാത്തലം ഉടമകൾ പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു. ടെമ്പിൾ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ കെ.വി. സുനിൽകുമാർ, സീനിയർ സി.പി.ഒ എൻ.എൻ. സുധാകരൻ, വി.എം. ശ്രീജിത്ത്, സി.പി.ഒ കെ.വി. സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.