ചെണ്ട കണ്ടപ്പോൾ എൻ.ഇ. ബലറാം പറഞ്ഞു, 'ഈ ചെണ്ട നമ്മുടെ ചെണ്ടയല്ല'
text_fieldsഗുരുവായൂർ: 1994ലെ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തിയ സി. പി.ഐ നേതാവ് എൻ.ഇ. ബലറാം സ്ഥാനാർഥിയുടെ ചിഹ്നം കണ്ടപ്പോൾ പറഞ്ഞു, 'ഈ ചെണ്ട നമ്മുടെ ചെണ്ടയല്ല'. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിെൻറ ചിഹ്നമായ 'ചെണ്ട' കണ്ടായിരുന്നു ബലറാമിെൻറ പ്രതികരണം. രണ്ട് വള്ളികളുള്ള വിളംബര ചെണ്ടയുടെ മാതൃകയിലുള്ള ചെണ്ടയായിരുന്നു അന്നത്തെ 'ചെണ്ട' ചിഹ്നം. തെൻറ അഭിപ്രായം ഇലക്ഷൻ കമീഷണറായിരുന്ന ടി.എൻ. ശേഷനുമായും പങ്കുവെച്ചിരുന്നുവെന്ന് ബലറാം പറഞ്ഞു. 'സ്വാമിയുടെ നാട് പാലക്കാട് അല്ലേ. കേരളത്തിലെ ചെണ്ട ഏതാണെന്ന് സ്വാമിക്ക് അറിയില്ലേ? എന്നിട്ടാണോ ഇത് നൽകിയത്?' എന്നാണത്രേ ശേഷനോട് ചോദിച്ചത്. 'ചിഹ്നങ്ങൾ പ്രഖ്യാപിക്കുന്ന നേരത്ത് ഒരു പാർട്ടിക്കാരും എൻ.ഇ പറഞ്ഞ അഭിപ്രായം പറഞ്ഞില്ല. അങ്ങനെയാണെങ്കിൽ അപ്പോൾ തന്നെ മാറ്റിക്കൊടുക്കാമായിരുന്നു' എന്നായിരുന്നു ശേഷെൻറ മറുപടി.
ചെണ്ട എൽ.ഡി.എഫ് സ്വതന്ത്രരുടെ ഭാഗ്യചിഹ്നമായ കഥ മാധ്യമത്തിൽ വായിച്ചപ്പോഴാണ് സി.പി.ഐ ഗുരുവായൂർ മണ്ഡലം ഓഫിസ് സെക്രട്ടറിയായ എസ്.എം. ബാലൻ ബലറാമിെൻറ പ്രതികരണം ഓർത്തത്. പ്രചാരണത്തിെൻറ ഭാഗമായി സി.പി.ഐ ഓഫിസിലെത്തിയപ്പോഴായിരുന്നു ബലറാമും അന്നത്തെ സി.പി. ഐ ജില്ല സെക്രട്ടറിയായിരുന്ന വി.കെ. രാജനും തമ്മിലുള്ള സംഭാഷണമെന്ന് ബാലൻ പറഞ്ഞു. പ്രചാരണകാലത്ത് സി.പി.ഐയുടെ ഓഫിസിലെ ബഞ്ചിൽ കിടന്നായിരുന്നു മുൻ മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും ദേശീയ സമിതി അംഗവും രാജ്യസഭാംഗവുമെല്ലാമായിരുന്ന ബലറാമിെൻറ ഉറക്കമെന്നും ബാലൻ അനുസ്മരിച്ചു. യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും സംസ്ഥാനതല നേതാക്കൾ ഗുരുവായൂരിൽ തങ്ങിയാണ് അന്ന് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത്. 27 വർഷത്തിന് ശേഷം ലീഗ് കോട്ട തിരിച്ചുപിടിച്ച് എൽ.ഡി.എഫിെൻറ ഭാഗ്യചിഹ്നമായി ചെണ്ട മാറിയെങ്കിലും ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ തന്നെ പഴയ തെറ്റ് തിരുത്തി. അന്നത്തെ 'ചെണ്ടക്ക്' ഇപ്പോൾ പേര് 'പെരുമ്പറ' എന്നാക്കി. മലയാളിയുടെ പാരമ്പര്യ വാദ്യോപകരണമായ 'ചെണ്ട' ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിെൻറ ചിഹ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.