നവീകരണത്തിന് ഒരുങ്ങി പുന്നത്തൂര്‍ കോവിലകം
text_fieldsഗുരുവായൂര്‍: ആനത്താവളത്തിലുള്ള നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂര്‍ കോവിലകം കെട്ടിടത്തിന്റെ നവീകരണത്തിന് ദേവസ്വം കമീഷണറുടെ അനുമതി. 5.38 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ ആരംഭിക്കും.
20 വര്‍ഷം മുമ്പ് തകര്‍ന്നുവീണ നാടകശാലയും ഇതോടൊപ്പം പുനര്‍നിര്‍മിക്കും. കോവിലകത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മുമ്പ് 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു. കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തിയുള്ള നവീകരണ പ്രവൃത്തികളാണ് നടക്കുകയെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ പറഞ്ഞു.
18 ഏക്കറോളം വരുന്ന ആനത്താവളത്തിന്റെ മധ്യത്തിലാണ് കോവിലകം സ്ഥിതി ചെയ്യുന്നത്. ചുമരുകളും തൂണുകളും മേല്‍ക്കൂരയുമെല്ലാം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. കോവിലകം ചരിത്ര സ്മാരമായി സംരക്ഷിക്കുമെന്ന് ആനത്താവളം സന്ദര്‍ശിച്ച മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി.എ. മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു.
പുന്നത്തൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കോവിലകം. 1975 ലാണ് ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്ത് ആനത്താവളം ഇങ്ങോട്ട് മാറ്റിയത്. രാജകുടുംബം വക ഒമ്പത് ഏക്കര്‍ 75 സെന്റ് സ്ഥലവും കോവിലകവും 1.6 ലക്ഷം രൂപക്ക് ദേവസ്വം വിലക്ക് വാങ്ങുകയായിരുന്നു.
നാലുകെട്ടും നടുമുറ്റവും കൊത്തുപണികളുമെല്ലാം പുന്നത്തൂര്‍ കോട്ടയുടെ സവിശേഷതയാണ്. നടന്‍ ദേവന്‍ നിര്‍മിച്ച വെള്ളം, ഗുരുവായൂര്‍ കേശവന്‍, വടക്കന്‍ വീരഗാഥ എന്നീ സിനിമകളില്‍ ഈ ചരിത്ര സ്മാരകത്തിന്റെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം ഇവിടെ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ആനത്താവളത്തില്‍ 43 ആനകളാണ് ഇപ്പോഴുള്ളത്. ആനത്താവളത്തിന് 1.07 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുന്നുണ്ട്.
റോഡ് നവീകരണം, നടപ്പാത നിര്‍മാണം, ആധുനിക രീതിയിലുള്ള ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിങ് സൗകര്യം എന്നിവയാണ് നടപ്പാക്കുന്നത്. ആനത്താവളത്തിന്റെ സമഗ്രവികസനത്തിനായി 50 കോടി രൂപയുടെ പ്രോജക്ട് തയാറാക്കാനുള്ള നടപടികള്‍ ദേവസ്വം ആരംഭിച്ചിട്ടുണ്ട്.
ആനകള്‍ക്ക് വിശ്രമ താവളം, കുളങ്ങളുടെ നവീകരണം, ഡ്രൈനേജ് മൊഡ്യൂള്‍ സിസ്റ്റം, വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റം, ആന പരിശീലന കേന്ദ്രം, ആന ചികിത്സ കേന്ദ്രം, ആനപാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം, പൊതു വിശ്രമമുറി, സുരക്ഷ സംവിധാനങ്ങള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.