കോവിഡേ.., തോറ്റ ചരിത്രം കേട്ടിട്ടില്ല...
text_fieldsഗുരുവായൂർ: 'പാടങ്ങളിലെ ഞാറ്റുപാട്ടിന് ബംഗാളി ശീലുകളുടെ ഈണം' എന്നൊക്കെയുള്ള പതിവ് പല്ലവികൾ ഒന്ന് മാറ്റിപ്പിടിക്കാം. കണ്ടാണശ്ശേരി തെക്കുമുറി ആര്യംപാടം റോഡിനരികെയുള്ള രണ്ടേക്കറോളം വരുന്ന പാടത്ത് ഇത്തവണ ഞാറ് നടാൻ ഇറങ്ങിയത് നാട്ടുകാരായ 'ന്യൂ ജൻ' സംഘം. 12 പേരടങ്ങിയ ചെറുപ്പക്കാരുടെ സംഘമാണ് ഞാറ് നടീൽ നടത്തിയത്. ഇവരിൽ പലരും പാടത്തിറങ്ങുന്നതുതന്നെ ആദ്യമായിട്ടായിരുന്നു. എങ്കിലും, കോവിഡ് കാലം ഉയർത്തിയ വെല്ലുവിളികൾക്ക് മുന്നിൽ മുട്ടുമടക്കാതെ പാടത്തെ ചേറ്റിലും വെള്ളത്തിലും നിന്ന് അവർ ഞാറ് നട്ടു.
കുറേക്കാലമായി ഈ പ്രദേശങ്ങളിൽ അന്തർസംസ്ഥാന തൊഴിലാളികളാണ് പാടത്ത് പണിക്കിറങ്ങാറുള്ളത്. പാടങ്ങളിൽ ബംഗാളി ഞാറ്റുപാട്ടിെൻറ ഈണമെന്ന നിലയിൽ ഇവരുടെ കൃഷിപ്പണികൾ വാർത്തകളിൽ നിറയാറുമുണ്ട്. കോവിഡ് ഭീതിയെ തുടർന്ന് ഇവർ നാട്ടിലേക്ക് മടങ്ങിയതോടെ കൃഷി ആശങ്കയിലായി. രണ്ടേക്കറോളം വരുന്ന പാടത്ത് നെൽകൃഷി ചെയ്യുന്ന പഞ്ചായത്ത് സ്ഥിരംസമിതി അംഗം വി.കെ. ദാസനും റൈജുവും പണിക്കാർക്കായി നെട്ടോട്ടത്തിലായിരുന്നു.
സുഭിക്ഷ പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ കൃഷി നടത്തുന്നത്. നാട്ടിൽ പാടത്തെ പണി അറിയാവുന്നവരൊക്കെ ഏറെ പ്രായംചെന്നതും പ്രതിസന്ധിയായി. ഈ ഘട്ടത്തിലാണ് നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ 'ഞങ്ങൾ ഞാറ് നടാം' എന്ന വാഗ്ദാനവുമായി മുന്നോട്ടുവന്നത്.
പക്ഷേ, നിശ്ചയദാർഢ്യവും ആവേശവുമല്ലാതെ ഇവരിലാർക്കും പാടത്തിറങ്ങി പണിചെയ്തതിെൻറ ഒരു പരിചയവും ഇല്ലായിരുന്നു. എന്നാൽ, യുവാക്കളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കടമ്പകളെല്ലാം വഴിമാറി. നേരത്തെ പാടത്ത് പണിക്ക് പോയിരുന്ന തങ്ക, ജാനു, യശോദ, അമ്മിണി തുടങ്ങിയ മുതിർന്ന സ്ത്രീകളുടെ സംഘം പുതുതലമുറക്ക് വഴികാട്ടിയായി പാടത്തേക്കിറങ്ങി ആവേശം വർധിപ്പിച്ചു. അവർ കാണിച്ചുകൊടുത്ത രീതിയിൽ യുവാക്കൾ ഞാറ് നട്ടു. ഇൻറീരിയൽ ഡെക്കറേഷൻ, അലുമനിയം ഫാബ്രിക്കേഷൻ, അക്കൗണ്ടൻറ്, മെക്കാനിക്, ജ്യോതിഷം, ഇവൻറ് മാനേജ്മെൻറ്, ഹോട്ടൽ തുടങ്ങിയ മേഖലകളിലൊക്കെ പണിയെടുക്കുന്നവരാണ് രണ്ട് ദിവസം പാടത്തിറങ്ങി പണിത് ഞാറ് നടൽ വിജയകരമായി പൂർത്തിയാക്കിയത്.
ധീരജ്, വിഷ്ണു, ബിബിൻ, രഞ്ജിത്ത്, ഷിബിൻ, നിഖിൽ, അരുൺ, വൈഷ്ണവ്, ജിതിൻ, സുർജിത്, ദീപക്, ഷിഗിൽ എന്നിവരാണ് പണിക്കിറങ്ങിയത്. അന്തർസംസ്ഥാന തൊഴിലാളികൾ ചെയ്യുന്നതിനേക്കാൾ അൽപം സമയം കൂടുതൽ വേണ്ടിവന്നെങ്കിലും കോവിഡ് ഉയർത്തിയ വെല്ലുവിളി തങ്ങളുടെ കൂട്ടായ്മയിൽ മറികടന്നതിെൻറ ആവേശത്തിലാണ് ഈ യുവാക്കൾ. കാലങ്ങൾക്ക് ശേഷം പാടത്തിറങ്ങാനായതിെൻറയും പേരക്കുട്ടികളുടെ പ്രായമുള്ളവർക്ക് വഴികാട്ടിയായി നിൽക്കാനായതിെൻറയും നിർവൃതിയിലാണ് പഴയകാല തൊഴിലാളികളായ സ്ത്രീകൾ. നാട്ടിലെ ചെറുപ്പക്കാരുടെ വിയർപ്പുവീണ മണ്ണിലെ കതിര് കൊയ്യാനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് കൃഷിക്ക് നേതൃത്വം നൽകിയ വി.കെ. ദാസൻ പറഞ്ഞു. അടുത്ത ധനു അവസാനത്തോടെ കൊയ്ത്ത് നടത്തും. 'ഉമ' ഇനത്തിലെ നെൽവിത്താണ് വിതച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.