‘സ്മൈൽ പ്ലീസ്’ എം.ടി ചിരിച്ചു; സുരേന്ദ്രന് മുന്നിൽ
text_fieldsഗുരുവായൂർ: ചിരിയിൽ പിശുക്കനായ എം.ടി ഉള്ളുതുറന്ന് ചിരിച്ചു; ഗുരുവായൂരിലെ സരിത സുരേന്ദ്രന്റെ കാമറക്ക് മുന്നിൽ. കാമറകൾ ഡിജിറ്റലിലേക്ക് വളരും മുമ്പുള്ള കാലത്തായിരുന്നു കിഴക്കെ നടയിലെ സരിത സ്റ്റുഡിയോയിൽ സുരേന്ദ്രന്റെ കാമറക്ക് മുന്നിൽ നിറഞ്ഞ ചിരിയോടെ എം.ടി ഇരുന്നുകൊടുത്തത്.
അത്യപൂർവമായി മാത്രം എം.ടിയുടെ മുഖത്ത് മിന്നിമറയുന്ന ചിരി കാമറയുമായി തപസ് നിന്നും ഇരുന്നുമൊക്കെ ചില ഭാഗ്യവാന്മാരായ ഫോട്ടോഗ്രാഫർമാർ പകർത്തിയിട്ടുണ്ടെങ്കിലും വിടർന്ന ചിരിയുമായി കാമറക്ക് പോസ് ചെയ്തിരിക്കുന്ന എം.ടിയെ ക്ലിക്ക് ചെയ്യാനുള്ള അത്യപൂർവഭാഗ്യം സുരേന്ദ്രനാണ് ലഭിച്ചത്. പി. ഭാസ്കരൻ, സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായ ശോഭന പരമേശ്വരൻ നായർ, മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ചെയർമാനുമായിരുന്ന പി.ടി. മോഹനകൃഷ്ണൻ എന്നിവർക്കൊപ്പമാണ് എം.ടി. സ്റ്റുഡിയോയിൽ എത്തിയതെന്ന് സുരേന്ദ്രൻ ഓർത്തു.
ചിരിക്കുന്ന എം.ടിയുടെ ഫോട്ടോയുടെ പ്രിന്റ് തപാലിൽ കിട്ടിയപ്പോൾ ശോഭന പരമേശ്വരൻ നായർ സുരേന്ദ്രന് ഒരു കത്തെഴുതി. ‘സുരേന്ദ്രന് അഹങ്കരിക്കാം; എം.ടിയുടെ ചിരിക്കുന്ന ചിത്രം പകർത്തിയതിൽ’ എന്നായിരുന്നു ഉള്ളടക്കം. ഗൗരവം സ്ഥായീഭാവമായ എം.ടിയുടെ ചെറുപുഞ്ചിരി പോലും അത്യപൂർവമായതിനാലാണ് ചിരിച്ചുകൊണ്ട് ഫോട്ടോക്ക് എം.ടിയെ പോസ് ചെയ്യിച്ച സുരേന്ദ്രനെ പരമേശ്വൻ നായർ അഭിനന്ദിച്ചത്.
‘പറയുമോ, വാസുവിനോട് ഒന്നു ചിരിക്കാൻ?’ എന്ന് ഒരിക്കൽ കമല സുരയ്യ തന്നെ പരിഭവം പറഞ്ഞിട്ടുണ്ട്. ഈ പരിഭവമെല്ലാം അലിഞ്ഞില്ലാതാകുന്നതാണ് സുരേന്ദ്രൻ പകർത്തിയ ചിത്രം. സുരേന്ദ്രൻ വീട് പണിതപ്പോൾ അതിനുള്ളിൽ ശിൽപ്പി എളവള്ളി നന്ദൻ പണിതീർത്ത ആനയുടെ ശിൽപം കാണാനും സുഹൃത്ത് വേണു എടക്കഴിയൂരിനൊപ്പം എം.ടി എത്തിയിരുന്നു. ഏറെസമയം വീട്ടിൽ ചിലവഴിച്ചാണ് എം.ടി മടങ്ങിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.