'ഇതാണ് ആ രേഖ... എന്റെ കൈയിലുള്ള രേഖ'; രേഖ നൽകാത്ത ചർച്ച വേണ്ടെന്ന് ചെയര്‍മാന്‍
text_fieldsഗുരുവായൂര്‍: വഴിയോര കച്ചവട മേഖല നിര്‍ണയിക്കാനുള്ള 'കരട് രേഖ' കൗണ്‍സിലില്‍ ചര്‍ച്ചക്കെത്തിയെങ്കിലും അംഗങ്ങള്‍ക്കാര്‍ക്കും 'രേഖ' കിട്ടിയില്ല. ക്ഷേമകാര്യ സ്ഥിരം സമിതി വിഷയം ചര്‍ച്ച ചെയ്ത് കൗണ്‍സിലിലേക്ക് ശിപാര്‍ശ ചെയ്തുവെന്ന് അജണ്ടയുടെ കുറിപ്പിലുണ്ടായിരുന്നെങ്കിലും രേഖ ആര്‍ക്കും നല്‍കിയിരുന്നില്ല.
രേഖ കാണാതെ ചര്‍ച്ച ചെയ്യാനാവില്ലെന്ന് കൗണ്‍സിലര്‍മാരായ പ്രഫ. പി.കെ. ശാന്തകുമാരിയും ശോഭ ഹരിനാരായണനും പറഞ്ഞു. അപ്പോഴാണ് ഉദ്യോഗസ്ഥരുടെ വീഴ്ച ചെയര്‍മാന്‍ എം. കൃഷ്ണദാസും അറിഞ്ഞത്. രേഖ വിതരണം ചെയ്തശേഷം ചര്‍ച്ച മതിയെന്ന് പറഞ്ഞ ചെയര്‍മാന്‍ വിഷയം മാറ്റിവെച്ചു.
പടിഞ്ഞാറേ നടയിലെ അമിനിറ്റി സെന്ററിനോട് ചേര്‍ന്ന ഗ്രൗണ്ട് തുറന്ന് നല്‍കാന്‍ തീരുമാനിച്ചു. ഈ ഗ്രൗണ്ടിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമര നായകരിലൊരാളായ പി. കൃഷ്ണപിള്ളയുടെ സ്മരണാര്‍ഥം കൃഷ്ണപിള്ള സ്ക്വയര്‍ എന്ന് പേരിടാന്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചു.
ക്ഷേത്രപ്രവേശന സമരകാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രം അടിക്കാന്‍ അധികാരമുള്ള മണി കൃഷ്ണപിള്ള അടിക്കുന്നതിന്റെ ദൃശ്യം ഇവിടത്തെ വേദിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ചൂല്‍പ്പുറം ബയോപാര്‍ക്കില്‍നിന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ശ്രദ്ധയിൽപെടുത്തി. വളം മറിച്ചിടുമ്പോള്‍ മാത്രമാണ് ഗന്ധം പുറത്ത് വരുന്നതെന്ന് കൗണ്‍സിലര്‍ സിന്ധു ഉണ്ണി പറഞ്ഞു. വിഷയം പരിശോധിക്കാമെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.എസ്. മനോജും പറഞ്ഞു.
നഗരസഭയുടെ വാഹനങ്ങള്‍ ഫിറ്റല്ല
ഗുരുവായൂര്‍: വീഴ്ചകള്‍ക്കും തീയതി വൈകലിനുമൊക്കെ പിഴയടക്കമുള്ള ശിക്ഷ നടപടി സ്വീകരിക്കുന്ന നഗരസഭയുടെ വാഹനങ്ങള്‍ അഞ്ച് വര്‍ഷത്തോളമായി ഓടുന്നത് ഫിറ്റ്‌നസ് ഇല്ലാതെ. ബയോപാര്‍ക്കില്‍ ഉപയോഗിക്കുന്ന കെ.എല്‍ 46എ 8660 ട്രാക്ടറിന്റെ ഫിറ്റ്‌നസ് കാലാവധി 2016 േമയ് ഏഴിന് അവസാനിച്ചതാണ്.
മറ്റ് രണ്ട് ട്രാക്ടറുകളുടെ ഫിറ്റ്‌നസ് 2021 ആഗസ്റ്റില്‍ അവസാനിച്ചു. ട്രാക്ടറുകളുടെ അറ്റകുറ്റപ്പണിക്ക് കൗണ്‍സിലില്‍ സമര്‍പ്പിച്ച കണക്കുകളിലാണ് നഗരസഭയുടെ ചട്ടലംഘനം പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.