ദേവസ്വം ഭരണസമിതിയിലെ ഭിന്നത; താക്കീതുമായി സി.പി.എം ജില്ല നേതൃത്വം
text_fieldsഗുരുവായൂർ: ദേവസ്വം ഭരണസമിതിയിൽ സി.പി.എം പ്രതിനിധിയടക്കമുള്ള ഒരുവിഭാഗം നടത്തിവരുന്ന പ്രതിഷേധങ്ങൾക്കും ബഹിഷ്കരണങ്ങൾക്കുമെതിരെ സി.പി.എം ജില്ല നേതൃത്വത്തിെൻറ താക്കീത്. ഗുരുവായൂർ ലോക്കൽ സമ്മേളനത്തിലാണ് ജില്ല സെക്രട്ടറി എം.എം. വർഗീസ് ഭരണസമിതിയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. പാർട്ടിയുടെ സംസ്ഥാന നേതൃത്വം അടക്കം ഇടപെട്ട് ഉണ്ടാക്കിയ ധാരണകൾ ലംഘിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിനെ ഒറ്റപ്പെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ല.
ചെയർമാനെ കെട്ടിയിറക്കിയതല്ലെന്നും അദ്ദേഹം പാർട്ടിയുടെ ഭാഗമാണെന്നും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവർ ഓർക്കണമെന്നും നിർദേശിച്ചു.
പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഗുരുവായൂർ സത്യഗ്രഹ സ്മാരക നവതി ആഘോഷം ദേവസ്വം സംഘടിപ്പിക്കാനിരിക്കുകയാണ്. ഇേതച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും ജില്ല സെക്രട്ടറി മുന്നറിയിപ്പ് നൽകി. ദേവസ്വം ഭരണസമിതിയിലെ ഭിന്നത പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി സമ്മേളനത്തിൽ വിമർശനം ഉയർന്നപ്പോഴായിരുന്നു ജില്ല സെക്രട്ടറിയുടെ മറുപടി.
സത്യഗ്രഹ നവതി ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്തേക്ക് കെ.ബി. മോഹൻദാസിെൻറ പേര് ഭരണസമിതിയിൽ നിർദേശിച്ചപ്പോൾ ഒരുവിഭാഗം അംഗങ്ങൾ എതിർത്തിരുന്നു. അഞ്ച് അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ തീരുമാനങ്ങളെടുക്കാനുള്ള ഭൂരിപക്ഷം ചെയർമാന് പലപ്പോഴും ഇല്ലാത്ത അവസ്ഥയാണ്. ഇക്കാര്യങ്ങളാണ് ലോക്കൽ സമ്മേളനത്തിൽ ചർച്ചയായത്. ചില ബഹുജന സംഘടനകൾക്ക് സമ്മേളനത്തിൽ ലഭിക്കുന്ന അമിത പ്രാധാന്യവും വിമർശിക്കപ്പെട്ടു.
ദേവസ്വം ഭരണ സമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ലോക്കൽ സെക്രട്ടറിയായി കെ.ആർ. സൂരജ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.