മനുഷ്യാവകാശ കമീഷന് ആവശ്യപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ല -ഗുരുവായൂർ നഗരസഭ സെക്രട്ടറി
text_fieldsഗുരുവായൂര്‍: മനുഷ്യാവകാശ കമീഷന് ആവശ്യപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി. നഗരസഭക്ക് കൈമാറി കിട്ടിയ പരാതിയിലെ സൂചനയനുസരിച്ച് ബന്ധപ്പെട്ട ഫയലുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണെന്നും സെക്രട്ടറി ബീന എസ്. കുമാര്‍ വിശദീകരിച്ചു. ഫയലുകള്‍ കണ്ടെത്തി കമീഷന് മുന്നില്‍ ഹാജരാക്കാൻ നടപടി ആരംഭിച്ചു.
നഗരസഭയില്‍ കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതായി ആരോപണം നേരിടുന്ന ഇരുപതോളം കെട്ടിടങ്ങളില്‍ ഒന്നിന്റെ നിര്‍മാണ അനുമതി സംബന്ധിച്ച ഫയല്‍ മാത്രമാണ് മനുഷ്യാവകാശ കമീഷന് മുന്നില്‍ ഹാജരാക്കിയതെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരുകളാണ് നഗരസഭക്ക് ലഭിച്ചത്. ഈ പേരുകളല്ല കെട്ടിട നിര്‍മാണ അപേക്ഷകളില്‍ ഉണ്ടായിരിക്കുക. 30 വര്‍ഷം വരെ പഴക്കമുള്ള ഫയലുകള്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട ഫയലുകള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ട്. ഇക്കാര്യമാണ് കമീഷനെ അറിയിച്ചത്.
ലഭിച്ച പരാതിയിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളോട് നിര്‍മാണ അനുമതി ലഭിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധനയും നടത്തുന്നുണ്ട്. ഉടമ കൈമാറിക്കഴിഞ്ഞ കെട്ടിടങ്ങളും കൂട്ടത്തിലുണ്ടാകാം.
കമീഷന്റെ അടുത്ത സിറ്റിങ് നടക്കുന്ന മേയ് അഞ്ചിനകം എല്ലാ ഫയലുകളും കണ്ടെത്തി സമര്‍പ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ഫയലുകളുടെ നിജസ്ഥിതി അറിയിക്കാനും ബാക്കി ഫയലുകള്‍ ഹാജരാക്കാനും നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്കാന് മനുഷ്യാവകാശ കമീഷന് നഗരകാര്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.