കുറച്ചുകൂടി കാത്തിരിക്കണം... ഉരുണ്ടുകളിച്ച് കരാറുകാര്‍
text_fieldsഗുരുവായൂര്‍: ‘പണിക്കുള്ള സാധനങ്ങളുമില്ല, ആവശ്യത്തിന് പണിക്കാരുമില്ല’ -എന്‍.കെ. അക്ബര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത മേല്‍പാല നിര്‍മാണ അവലോകന യോഗത്തില്‍ തെളിഞ്ഞ ചിത്രം ഇതായിരുന്നു. ശേഷിക്കുന്ന പണിക്ക് ആവശ്യമായ ഉരുക്ക് കമ്പിയില്‍ 50 ടണ്‍ കൂടി ഇനിയും സ്ഥലത്തെത്തേണ്ടതുണ്ടെന്ന് കരാറുകാര്‍ പറഞ്ഞു. 45 പണിക്കാര് ഷിഫ്റ്റ് സമ്പ്രദായത്തില്‍ രാവും പകലും പണിയെടുത്താലേ ഒക്ടോബര്‍ 25ന് പണി പൂര്‍ത്തിയാക്കാനാവൂ എന്ന് മേല്‍നോട്ട ചുമതലയുള്ള റൈറ്റ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, ഇതിന്റെ പകുതി പണിക്കാര് മാത്രമാണ് ഇപ്പോള്‍ സ്ഥലത്തുള്ളത്. കരാര്‍ കമ്പനിയുടെ കീഴില്‍ പണികള്‍ നടക്കുന്ന സ്ഥലങ്ങളിലെ സാമഗ്രികള്‍ എത്തിച്ചാണ് ഗുരുവായൂരില്‍ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങിയിരുന്നത്. അവിടെ പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ അത് നടക്കാതെയായി.
കഴിഞ്ഞദിവസം താനൂരില്‍ ഇത്തരത്തില്‍ പ്രതിഷേധം നടന്നിരുന്നു. ഗുരുവായൂരിനൊപ്പം നിര്‍മാണം തുടങ്ങിയ പാലങ്ങളില്‍ ഗുരുവായൂരിലാണ് പണികള്‍ മുന്നില്‍ നീങ്ങുന്നത്. കൈവരി നിര്‍മാണം, സര്‍വിസ് റോഡുകളിലെ കാനകള്‍ ശരിയാക്കല്‍ എന്നിവ നടത്താന്‍ എന്താണ് തടസ്സമെന്ന് നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് കരാറുകാരോട് ചോദിച്ചു.
വേഗത്തില്‍ ചെയ്യാമെന്നാണ് മറുപടി നല്‍കിയത്. പാളത്തിന് മുകളിലെ രണ്ട് സ്പാനുകളുടെ കോണ്‍ക്രീറ്റിങ്, കൈവരി, റോഡ് ടാര്‍ ചെയ്യൽ, പെയിന്റിങ്, ലൈറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് ഇനി അവശേഷിക്കുന്നത്. പാലത്തിന്റെ താഴെയുള്ള ഭാഗം ടൈല്‍ വിരിച്ച് പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കും. അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ മാസം തോറുമുള്ള അവലോകനം എന്ന രീതി മാറ്റി. ആഴ്ച തോറുമാണ് ഇനി മുതല്‍ അവലോകനം. അടുത്ത യോഗം 18ന് ചേരും. എന്‍.കെ. അക്ബര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍, എന്‍ജിനീയര്‍ ഇ. ലീല എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.