ആ ചുവരില്‍ ഇപ്പോഴും ചരിത്രത്തിെൻറ ഓര്മ മായാതെ കിടപ്പുണ്ട്
text_fieldsഗുരുവായൂര്‍: കരിയന്നൂര്‍ കോവിലിന് കിഴക്കുവശത്തുള്ള ഓടിട്ട കെട്ടിടത്തിെൻറ വടക്കേ ചുവരില്‍ ഇപ്പോഴും ചുവന്ന പൊടി കൊണ്ട് എഴുതിയ ചരിത്രത്തിെൻറ ഓര്മ മായാതെ കിടപ്പുണ്ട്. കണ്ടാണശ്ശേരി പഞ്ചായത്തിലെ ആദ്യവനിത അംഗത്തിെൻറ തെരഞ്ഞെടുപ്പ് പോരാട്ടത്തിെൻറ ചരിത്ര രേഖയാണ് ഇവിടെ ഒളിമങ്ങാതെ നില്‍ക്കുന്നത്. 1979ല്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച വത്സലക്കായുള്ള ചുമരെഴുത്താണ് അത്. 40 വര്‍ഷം മുമ്പത്തെ പത്തംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഏക വനിത അംഗമായി താന്‍ പ്രവര്‍ത്തിച്ച കാലം ഇന്നലെയെന്ന പോലെ ഇപ്പോഴും വത്സലയുടെ ഓര്‍മയിലുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ വനിത പ്രാതിനിധ്യം 50 ശതമാനത്തിലെത്തുകയും പലയിടത്തും സംവരണത്തിന് പുറത്തുതന്നെ ജനറല്‍ വാര്‍ഡുകളില്‍ വനിതകള്‍ മത്സരിക്കുകയും ചെയ്യുന്ന കാലമായിരുന്നില്ല അത്. പഞ്ചായത്തിലേക്ക് ഒരുവനിത മത്സരിക്കുന്നതുതന്നെ അക്കാലത്ത് ഒരു വിപ്ലവമായിരുന്നു. പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളായിരുന്നു വത്സലയുടെ ഭര്‍ത്താവ് ഉപ്പുകുന്നത്ത് ഭാസ്കരന്.
ഇങ്ങനെയാണ് വത്സലക്ക് മത്സരത്തിനുള്ള നിയോഗമുണ്ടായത്. കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂര്‍ ഒന്നാം വാര്‍ഡിലാണ് മത്സരിച്ചത്. ഇന്നത്തെ കരിയന്നൂര്‍, ചൊവ്വല്ലൂര്‍, ചൊവ്വല്ലൂര്‍ വെസ്റ്റ് എന്നീ വാർഡുകൾ അടങ്ങിയതാണ് അന്നത്തെ ഒന്നാം വാര്‍ഡായ ചൊവ്വല്ലൂര്‍. പോള്‍ ചെയ്ത വോട്ടിെൻറ 75 ശതമാനവും നേടിയാണ് കണ്ടാണശ്ശേരിയുടെ പ്രഥമ വനിത അംഗം ഭരണസമിതിയിലെത്തിയത്. പെലക്കാട്ട് വീട്ടില്‍ പി. രാധയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥി. അവര്‍ ഇപ്പോള്‍ ചെന്നൈയിലാണ്. 'സഖാവ് കേശവേട്ടൻ' എന്ന് നാട്ടുകാര്‍ വിളിക്കുന്ന കെ.കെ. കേശവെൻറ പഞ്ചായത്ത് പ്രസിഡൻറായുള്ള ആദ്യ ഊഴം കൂടിയായിരുന്നു അത്. ഭരണസമിതിയില്‍ ആകെ പത്ത് അംഗങ്ങള്‍ മാത്രം. ഇന്ന് ബസ് ഗതാഗതം അടക്കമുള്ള പ്രധാന പാതയായ പാരീസ് റോഡ് വീതി കൂട്ടി വാഹന ഗതാഗത യോഗ്യമാക്കിയത് വത്സല പഞ്ചായത്ത് അംഗമായിരിക്കെയാണ്. 1980ല്‍ നായനാര്‍ സര്‍ക്കാര്‍ കര്‍ഷക തൊഴിലാളി പെന്ഷന് നടപ്പാക്കിയപ്പോള്‍ കാര്‍ഷിക ഗ്രാമമായ ചൊവ്വല്ലൂരില്നിന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് പെന്ഷന് ലഭിക്കാനും ഇവര്‍ മുന്നില്‍നിന്ന്. തൊഴിലില്ലായ്മ വേതനം അര്‍ഹര്‍ക്ക് വാങ്ങി നല്‍കാനും മുന്നിലുണ്ടായിരുന്നു. സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പ് രംഗത്തും ഇറങ്ങാന്‍ മടിച്ചുനിന്ന കാലത്താണ് ഇവര്‍ സജീവമായി രംഗത്തുണ്ടായിരുന്നത്.
ഭര്‍ത്താവ് ഭാസ്കരെൻറ പിന്തുണക്ക് പുറമെ നാട്ടുകാരായ സ്ത്രീകളും തനിക്ക് കരുത്തായി ഒപ്പമുണ്ടായിരുന്നതായി വത്സല പറഞ്ഞു. അന്ന് പഞ്ചായത്ത് അംഗത്തിന് ലഭിച്ചിരുന്ന അലവന്‍സ് 25 രൂപയായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുത്തു. പ്രസിഡൻറിെൻറ അലവന്‍സ് 150 രൂപയായിരുന്നു. എന്നാല്‍, പ്രസിഡൻറ് കേശവേട്ടന് ആ അലവന്‍സ് കൈപറ്റിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. വത്സല പഞ്ചായത്ത് അംഗമായിരുന്ന കാലത്ത് തന്നെയാണ് പല ചെറിയ ഇടവഴികളും റോഡുകളായി മാറിയത്.
വനിതകള്‍ പഞ്ചായത്ത് ഭരണത്തില്‍ നിര്‍ണായ സ്ഥാനം നേടിയ കാലത്ത് താന്‍ ഏകയായി പഞ്ചായത്തിലെ വനിത ശബ്ദമായിരുന്ന കാലത്തെ ഓര്‍ത്തെടുക്കുകയാണ് വത്സല ഈ തെരഞ്ഞെടുപ്പ് വേളയില്‍. ഇപ്പോഴും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പല വനിതകളും വത്സലയുടെ അനുഗ്രഹം തേടിയെത്തുന്നുണ്ട്. ഭർത്താവ് ഭാസ്കരൻ 2006ൽ മരിച്ചു. ഫ്രീലാൻസ് എഡിറ്ററും വിവർത്തകനുമായ ബൈജു, ചാവക്കാട് സബ് കോടതിയിൽ യു.ഡി ക്ലർക്കായ സിന്ധു, മുംബൈയിൽ കഴിയുന്ന ബിന്ദു, ഖത്തറിൽ ജോലിചെയ്യുന്ന ബിനീഷ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.