ഗുരുവായൂരിെൻറ വികസനം താൽപര്യത്തോടെ ആരാഞ്ഞ് പ്രധാനമന്ത്രി
text_fieldsഗുരുവായൂര്‍: നാഷനൽ അർബൻ എക്സ്പോയിൽ ഗുരുവായൂർ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷിക ഭാഗമായി ലഖ്നോയിൽ നടക്കുന്ന നാഷനൽ അർബൻ എക്സ്പോയിലാണ് മോദി ഗുരുവായൂരിെൻറ വികസന പദ്ധതികളെക്കുറിച്ച് ആരാഞ്ഞത്.
ഗുരുവായൂരിൽ അമൃത് പദ്ധതി വഴി നടപ്പാക്കുന്ന പ്രവൃത്തികളുടെ ചെറുമാതൃകക്ക് സമീപം അൽപസമയം ചെലവഴിച്ച മോദി സംസ്ഥാന അമൃത് മിഷൻ ഡയറക്ടർ രേണു രാജിനോട് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ചെറുമാതൃകക്കൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങളും പ്രത്യേകം നോക്കിക്കണ്ടുവെന്ന് രേണു രാജ് പറഞ്ഞു. രണ്ട് വർഷം മുമ്പ് മോദി ഗുരുവായൂർ സന്ദർശിച്ചിരുന്നു. അമൃത് പദ്ധതിയിൽ 218.30 കോടിയുടെ വികസന പ്രവൃത്തികളാണ് ഗുരുവായൂരിൽ നടക്കുന്നത്. 61.31 ശതമാനം പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. അമൃതിെൻറ രണ്ടാം ഘട്ടത്തിലും ഗുരുവായൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരസഭ സെക്രട്ടറി പി.എസ്. ഷിബു, അമൃത് നിർവഹണ ഉദ്യോഗസ്ഥൻ കെ.എൻ. മാധവൻ, ആരോഗ്യ വിഭാഗം ജീവനക്കാരൻ മുഹാസ് മുഹമ്മദലി എന്നിവർ പ്രദർശനവുമായി ബന്ധപ്പെട്ട് ലഖ്നോവിലുണ്ട്.ഗുരുവായൂരിന് പുറമെ കൊച്ചി കോർപറേഷനും ലഖ്നോവിലെ മേളയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.