മേല്‍പാലം നിര്‍മിക്കുന്നത് സംസ്ഥാന സര്‍ക്കാറെന്ന പ്രചാരണം തെറ്റ് -ടി.എന്‍. പ്രതാപന് എം.പി
text_fieldsഗുരുവായൂര്‍: റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ട് മാത്രം ഉപയോഗിച്ചാണെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ടി.എന്‍. പ്രതാപന് എം.പി. പാലം നിര്‍മാണത്തിന് ചെലവഴിക്കുന്ന തുകയുടെ പകുതി റെയില്‍വേ നല്‍കുമെന്ന് പ്രതാപന് പറഞ്ഞു. മേല്‍പാല നിര്‍മാണം റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളത്തിന് മുകളില്‍ വരുന്ന ഭാഗത്തിന്റെ നിര്‍മാണത്തിന് ചെലവായ 2.05 കോടി റെയില്‍വേ തന്നെയാണ് പൂര്‍ണമായി നല്‍കിയിരിക്കുന്നതെന്ന് പ്രതാപന് പറഞ്ഞു. റെയില്‍വേയുടെ ഭാഗത്ത് ഗര്‍ഡര്‍ സ്ഥാപിക്കാന്‍ വൈകിയതില്‍ ജനപ്രതിനിധികള്‍ ഇടപെട്ടില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ല.
ഈ മാസം 14ന് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവരം ഇതുവരെയായിട്ടും റെയില്‍വേയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ എസ്.എം. ശര്‍മ ഒപ്പമുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനും തിരുവെങ്കിടം അടിപ്പാത നിര്‍മിക്കുന്ന സ്ഥലവും എം.പി സന്ദര്‍ശിച്ചു. അടിപ്പാത നിര്‍മാണം വേഗത്തില്‍ വേണമെന്നാശ്യപ്പെട്ടുള്ള നിവേദനം ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പി.ഐ. ലാസര്‍ കൈമാറി. റെയില്‍വേ സ്റ്റേഷന് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന കാര്യം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ശ്രദ്ധയിൽപെടുത്തി.
പാലത്തിന്റെ ഫണ്ട് ആരുടേത്?
ഗുരുവായൂര്‍: മേല്‍പാല നിര്‍മാണ ഫണ്ട് ആരുടേതെന്നത് വിവാദമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന പാലം എന്ന പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന് എം.പി രംഗത്തെത്തിയിട്ടുണ്ട്. പാലത്തിനുള്ള മുഴുവന്‍ തുകയും ഇപ്പോള്‍ നല്‍കുന്നത് കിഫ്ബി വഴി സംസ്ഥാന സര്‍ക്കാറാണ്. ഇത് 30 കോടിയോളം വരും. സംസ്ഥാന സര്‍ക്കാറിന്റെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല. പാളത്തിന് മുകളില്‍ വരുന്ന 20 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും ഉള്ള ഭാഗം റെയില്‍വേ നേരിട്ട് ടെന്‍ഡര്‍ ചെയ്താണ് നിര്‍മിച്ചിട്ടുള്ളത്.
ഇതിന് 2.05 കോടി ചെലവായിട്ടുണ്ട്. പാലം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആകെ ചെലവുവന്ന തുകയുടെ പകുതി റെയില്‍വേ നല്‍കും. എന്നാല്‍, സ്ഥലം ഏറ്റെടുപ്പിനും മറ്റ് നഷ്ടപരിഹാരങ്ങള്‍ക്കും ചെലവഴിച്ച തുകയിലേക്ക് റെയില്‍വേ വിഹിതം നല്‍കില്ല. നേരത്തെ റോഡ് ഗതാഗതം ഉണ്ടായിരുന്ന സ്ഥലത്ത് നിര്‍മിക്കുന്ന എല്ലാ മേല്പാലങ്ങള്ക്കും റെയില്‍വേ സ്വീകരിക്കുന്ന നയം ഇതാണ്. പാലം പൂർത്തിയായ ശേഷമേ റെയിൽവേ വിഹിതത്തിനുള്ള നടപടികൾ തുടങ്ങൂ.
പ്രതാപന് പാലത്തില്‍ കയറി കാണിച്ചത് അഭ്യാസം -കെ.വി. അബ്ദുള്‍ ഖാദര്‍
ഗുരുവായൂര്‍: മേല്‍പാലത്തിന്റെ ഉദ്ഘാടന തീയതി നിശ്ചയിച്ച ഘട്ടത്തില്‍ ടി.എന്‍. പ്രതാപന് എം.പി പാലത്തില്‍ കയറി കാണിച്ച അഭ്യാസം ജാള്യത മറയ്ക്കാനുള്ള അടവാണെന്ന് എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.വി. അബ്ദുള്‍ ഖാദര്‍. 2019ല്‍ എം.പിയായ പ്രതാപന് ഇതുവരെയും പാലത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. മേല്‍പാലത്തിന് കിഫ്ബി വഴി ഫണ്ട് അനുവദിച്ചത് സംസ്ഥാന സര്‍ക്കാറാണ്. ആ കാലഘട്ടത്തിലെ ജനപ്രതിനിധി എന്ന നിലക്ക് തനിക്ക് ഇക്കാര്യങ്ങള്‍ കൃത്യമായി അറിയാമെന്ന് അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
എം.പിക്ക് ഇതില്‍ റോളില്ലെന്ന് മാത്രമല്ല കിഫ്ബി ആകാശകുസുമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. സ്ഥലമേറ്റെടുപ്പിന്റെ ഘട്ടത്തില്‍ എതിര്‍പ്പുകളുയര്‍ത്തി പദ്ധതിയെ തകര്‍ക്കാനാണ് ഗുരുവായൂരിലെ എം.പിയുടെ സുഹൃത്തുക്കള്‍ ശ്രമിച്ചത്. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി ചേര്‍ന്ന ഭൂവുടമകളുടെ യോഗം ബഹളമുണ്ടാക്കി പിരിച്ചുവിടാന്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ശ്രമിച്ചിരുന്നു. പദ്ധതി തടയാനാകില്ലെന്ന് കണ്ടപ്പോള്‍ ഹൈകോടതിയില്‍ ഹരജിയുമായും ഈ സംഘം പോയി. തടയാന്‍ ആവത് ശ്രമിച്ചിട്ടും നടക്കാതെ വന്നവര്‍ ഇപ്പോള്‍ നടത്തുന്നത് നാടകമാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.