ഇന്നത്തെ 'പെരുമ്പറ', അന്ന് 'ചെണ്ട'
text_fieldsഗുരുവായൂർ: ഒരുകാലത്ത് തീരമേഖലയില്‍ എല്‍.ഡി.എഫ് സ്വതന്ത്രരുടെ പ്രിയചിഹ്നമായിരുന്നു 'ചെണ്ട'. അന്നത്തെ ഭാഗ്യചിഹ്നം ഇപ്പോഴും സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുണ്ടെങ്കിലും പേര് 'പെരുമ്പറ' എന്നായി. 1994ല്‍ നടന്ന ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചെണ്ട ചിഹ്നത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിം ലീഗിെൻറ കോട്ട തകര്‍ത്തതോടെയാണ് ഈ ചിഹ്നം ഇടതുപക്ഷത്തിന് പ്രിയങ്കരമായത്.
മലയാളിക്ക് അത്ര കണ്ടുപരിചയമില്ലാത്ത രൂപത്തിലുള്ള ഈ വാദ്യോപകരണം 'ചെണ്ട' എന്നപേരില്‍ തെരഞ്ഞെടുപ്പുരംഗത്ത് പ്രചാരം നേടിയത് ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പോടെയാണ്. 1996ല്‍ നടന്ന തെരഞ്ഞെടുപ്പിലും ചെണ്ടയില്‍ മത്സരിച്ച പി.ടി വിജയം നിലനിര്‍ത്തി. ഇതോടെ 1995ലും 2000ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഒട്ടുമിക്ക എല്‍.ഡി.എഫ് സ്വതന്ത്രരും ചെണ്ടയിലാണ് മത്സരിച്ചത്.
എന്നാല്‍, 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറി. തെൻറ വിജയചിഹ്നമായ ചെണ്ട ലഭിക്കുമെന്ന ഉറപ്പിൽ എൽ.ഡി.എഫ് പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍, മേഘാലയയിലെ ഏതോ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമാണെന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷന് ചെണ്ടയെ അത്തവണ സ്വതന്ത്ര ചിഹ്നത്തില്‍നിന്ന് നീക്കി. ഇതോടെ പി.ടിയുടെ ചിഹ്നം കുട്ടയായി. ചെണ്ട ചിഹ്നമായി പോസ്റ്ററുകൾ പതിച്ച കഴിഞ്ഞശേഷമായിരുന്നു ഈ ചിഹ്നമാറ്റം.
ചെണ്ടയില്‍നിന്ന് കുട്ടയിലേക്ക് മാറിയ അദ്ദേഹം അത്തവണ ലീഗിെൻറ പി.കെ.കെ. ബാവയോട് തോറ്റു. പിന്നീട് 2006ല്‍ സി.പി.എമ്മിെൻറ ഔദ്യോഗിക ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച കെ.വി. അബ്ദുൽ ഖാദര്‍ മണ്ഡലം തിരിച്ചുപിടിച്ചതും ഹാട്രിക് വിജയം നേടിയതും ചരിത്രം. കേരളത്തിെൻറ പരമ്പരാഗത ശൈലിയിലുള്ള 'ചെണ്ട' ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിെൻറ ചിഹ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.