വഴിമുട്ടി ഗുരുവായൂർ; തൃശൂരിൽ നിന്നും കുന്നംകുളത്ത് നിന്നുമുള്ള റോഡുകൾ ഒരേ സമയം അടഞ്ഞുകിടക്കുന്നു
text_fieldsഗുരുവായൂർ: ദേശീയ പ്രാധാന്യമുള്ള തീർഥാടന കേന്ദ്രമായ ഗുരുവായൂരിലേക്കുള്ള പ്രധാന റോഡുകൾ ഒരേ സമയം അടഞ്ഞു.
തൃശൂർ റോഡ് മേൽപാല നിർമാണത്തിനായാണ് ഒരു മാസം മുമ്പ് അടച്ചത്. ചാവക്കാട് - കുന്നംകുളം റോഡ് അമൃത് പദ്ധതിയുടെ പൈപ്പിടാനാണ് ചൊവ്വാഴ്ച മുതൽ അടച്ചത്. വികസന പ്രവൃത്തികൾക്കായാണ് റോഡ് അടച്ചതെന്ന ന്യായീകരണമുണ്ടെങ്കിലും അധികൃതരുടെ ആസൂത്രണത്തിന്റെ അഭാവമാണ് നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടയാൻ കാരണം.
അമൃത് കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പിടൽ 2019ൽ നടക്കേണ്ടതായിരുന്നു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവികാരം എതിരാകുമെന്ന കാരണം പറഞ്ഞ് രാഷ്ട്രീയ നേതൃത്വം ഇടപെട്ട് നീട്ടുകയായിരുന്നു. പിന്നീട് റോഡ് പൊളിക്കുന്നതിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പി.ഡബ്ല്യു.ഡിയുമായി തർക്കമായി. അമൃത് പദ്ധതിയുടെ നീട്ടിനൽകിയ കാലാവധി അടുത്ത മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരക്ക് പിടിച്ച് പൈപ്പിടൽ തുടങ്ങിയത്. അപ്പോഴേക്കും മേൽപാല നിർമാണത്തിനായി തൃശൂർ റോഡ് അടച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ കുന്നംകുളം-ചാവക്കാട് റോഡ് അടച്ചെങ്കിലും ഇത് സംബന്ധിച്ച അറിയിപ്പ് വാട്ടർ അതോറിറ്റി നൽകിയിരുന്നില്ല. റോഡിൽ വാഹനങ്ങൾ കാണാത്തത് അന്വേഷിച്ചപ്പോഴാണ് റോഡ് അടച്ച വിവരം അറിഞ്ഞത്. ഒടുവിൽ ചൊവ്വാഴ്ച വൈകീട്ട് റോഡ് അടച്ചത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരണത്തിന് നൽകി. കുന്നംകുളത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കോട്ടപ്പടിയില്‍ നിന്നും ചാവക്കാട്ടുനിന്നുള്ള വാഹനങ്ങള്‍ മമ്മിയൂരില്നിന്നും തിരിഞ്ഞ് പോകണമെന്നാണ് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ അറിയിപ്പ്.
ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുത്ത് നടപ്പാക്കുന്നത് ജനപ്രതിനിധികൾ പലപ്പോഴും അറിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഗതാഗതം തിരിച്ചുവിടേണ്ട ബദൽ റോഡുകളെല്ലാം തകർന്ന് കിടക്കുകയാണ്. റോഡ് തകരാനുള്ള കാരണത്തെ ചൊല്ലി വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും തമ്മിൽ പലപ്പോഴും തർക്കവുമാണ്. 2011ൽ അഴുക്കുചാൽ പദ്ധതിക്ക് പൈപ്പിടാൻ തുടങ്ങിയതു മുതൽ ആരംഭിച്ചതാണ് ഗുരുവായൂരിലെ റോഡുകളുടെ ദുരവസ്ഥ.
അഴുക്ക് ചാലിന്റെ അശാസ്ത്രീയ പൈപ്പിടൽ മൂലം പൊളിച്ച സ്ഥലം പല തവണ വീണ്ടും പൊളിക്കേണ്ടി വന്നു. അശാസ്ത്രീയമായി നിർമിച്ച മാൻഹോളുകളും ഗതാഗതം ദുരിതമാക്കി. വികസനത്തെ ആരും എതിർക്കുന്നില്ലെന്നും എന്നാൽ അശാസ്ത്രീയ നിർമാണത്തിന്റെയും ആസൂത്രണമില്ലായ്മയുടെയും ദുരിതങ്ങൾക്ക് അധികൃതരും ഭരണാധികാരികളും ഉത്തരം പറയണമെന്നുമാണ് ആവശ്യം. റോഡ് വീതികൂട്ടാനായി തീരുമാനിച്ച സ്ഥലങ്ങളിൽ പോലും അമൃത് പദ്ധതിയിൽ നടപ്പാത നിർമിച്ച് വികസന സാധ്യതകൾ ഇല്ലാതാക്കിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.