ഗുരുവായൂരിൽ ഇന്ന് ചരിത്ര മുഹൂർത്തം; ക്ഷേത്രസന്നിധിയിൽ 350ലേറെ വിവാഹം
text_fieldsഗുരുവായൂർ: ക്ഷേത്രസന്നിധിയിന്ന് കല്യാണ സംഘങ്ങളെക്കൊണ്ട് നിറയും. ചരിത്രം കുറിച്ച് 350 ലേറെ വിവാഹങ്ങളാണ് ഞായറാഴ്ച നടക്കുന്നത്. ആകെ 354 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇതിൽ മൂന്ന് പേർ വഴിപാടായി മാത്രം ശീട്ടാക്കിയതാണെന്നും വിവാഹത്തിന് ഗുരുവായൂരിലേക്ക് എത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് 26 ന് നടന്ന 277 വിവാഹങ്ങളാണ് നിലവിലെ റെക്കോഡ്. വിവാഹങ്ങൾ സുഗമമായി നടക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വവും നഗരസഭയും പൊലീസും ഒരുക്കിയിട്ടുള്ളത്.
വിവാഹ ക്രമീകരണങ്ങൾ
വിവാഹച്ചടങ്ങുകൾ പുലർച്ചെ നാലിന് ആരംഭിക്കും. ആറ് മണ്ഡപങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. താലികെട്ട് ചടങ്ങിനായി ആറ് കോയ്മമാരെയും രണ്ട് മംഗളവാദ്യ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വരനും വധുവുമടങ്ങുന്ന സംഘം ക്ഷേത്രം തെക്കേ നടയിലെ പട്ടർകുളത്തിനോട് ചേർന്ന താൽക്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് പന്തലിൽ വിശ്രമിക്കാം. ഊഴമെത്തുമ്പോൾ ഇവരെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. അവിടെ നിന്ന് മണ്ഡപത്തിലേക്ക് കടത്തിവിടും. ചടങ്ങ് കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങണം. വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനമുള്ളൂ.
ക്ഷേത്ര ദർശന ക്രമീകരണങ്ങൾ
പുലർച്ചെ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദർശനത്തിനുള്ള പൊതുവരി ക്ഷേത്രം വടക്കേ നടയിലൂടെ ക്യൂ കോംപ്ലക്സിനകത്തേക്ക് കയറ്റിവിടും. ദർശന ശേഷം ഭക്തർക്ക് ക്ഷേത്രം പടിഞ്ഞാറേ നടവഴിയും തെക്കേ തിടപ്പളളി വാതിൽ വഴിയും മാത്രമേ പുറത്തേക്ക് പോകാനാവൂ. ഭഗവതി ക്ഷേത്ര പരിസരത്തെ വാതിൽ വഴി പുറത്ത് വിടില്ല. ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സ് വഴി കടത്തിവിടും. കിഴക്കേ നടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം എന്നിവ ഞായറാഴ്ച അനുവദിക്കില്ല.
സുരക്ഷക്ക് കൂടുതൽ പൊലീസ്
ക്ഷേത്ര ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും സൗകര്യങ്ങൾ ഉറപ്പാക്കാൻ 100 പൊലീസുകാരെ നിയോഗിക്കുമെന്ന് എ.സി.പി ടി.എസ്. സിനോജ് അറിയിച്ചു. ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഉണ്ടാകും.
ഗതാഗത നിയന്ത്രണം ഇങ്ങനെ
നഗരത്തിലേക്ക് പ്രവേശിക്കുന്ന ടു വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേ പാലിക്കണം. റോഡരികിലെ ടൂവീലർ അടക്കമുള്ള എല്ലാ വാഹനങ്ങളുടെയും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾ പടിഞ്ഞാറെനടയിലെ മായാ ബസ് സ്റ്റാൻഡിൽ നിന്ന് സർവിസ് ആരംഭിക്കുകയും വൺവേ സമ്പ്രദായത്തിൽ തിരികെ എത്തുകയും വേണം. കുന്നംകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മമ്മിയൂരിൽ നിന്ന് തിരിഞ്ഞ് കൈരളി ജങ്ഷൻ വഴി ഔട്ടർ റിങ് റോഡ് ചുറ്റി മായാ ബസ് സ്റ്റാൻഡിൽ എത്തണം. ചാവക്കാട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മുതുവട്ടൂർ സെന്ററിൽ നിന്ന് തിരിഞ്ഞ് മായ ബസ് സ്റ്റാൻഡിലേക്ക് എത്തണം.
വാഹനങ്ങൾ നഗരസഭയുടെ മൾട്ടി ലെവൽ കാർപാർക്കിങ് സെന്ററിലും കിഴക്കേനടയിലെ ദേവസ്വം മൾട്ടിലെവൽ കാർപാർക്കിങ് സെന്ററിലും ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലും മറ്റു പാർക്കിങ് കേന്ദ്രങ്ങളിലും മാത്രം പാർക്ക് ചെയ്യണം. ടൂറിസ്റ്റ് ബസുകൾ നഗരസഭയുടെ കിഴക്കേനടയിലെ സത്യഗ്രഹ സ്മാരക ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.