കേന്ദ്ര മന്ത്രിയുടെ സന്ദർശനം; നഗരസഭ കൗണ്‍സിലില്‍ പ്രതിഷേധമിരമ്പി
text_fieldsഗുരുവായൂര്‍: ഔദ്യോഗികമായി അറിയിക്കാതെ ഫെസിലിറ്റേഷന്‍ സെന്ററിലും അമിനിറ്റി സെന്ററിലും കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ നടത്തിയ സന്ദര്‍ശനത്തിനെതിരെ ഗുരുവായൂർ നഗരസഭ കൗണ്‍സിലില്‍ പ്രതിഷേധമിരമ്പി. സി.പി.ഐയിലെ എ.എം. ഷെഫീര്‍ ഉന്നയിച്ച വിഷത്തില്‍ ഒരു മണിക്കൂറിലധികമാണ് കൗണ്‍സിലില്‍ ചര്‍ച്ച നടന്നത്.
എല്‍.ഡി.എഫും യു.ഡി.എഫും മന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്ന് ആരോപിച്ചു. നഗരസഭയെ അറിയിക്കാതെ സന്ദര്‍ശനം നടത്തുകയും സെക്രട്ടറിയെ വിളിച്ച് ശാസിക്കുകയും ചെയ്തത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണെന്ന് ഷെഫീര്‍ പറഞ്ഞു.
സെക്രട്ടറിയെ ശാസിച്ചതിലൂടെ ഗുരുവായൂര്‍ നഗരസഭയെയാണ് മന്ത്രി അപമാനിച്ചതെന്ന് പ്രഫ. പി.കെ. ശാന്തകുമാരി ചൂണ്ടിക്കാട്ടി. ഫണ്ട് തുടര്‍ന്ന് അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കാന്‍ മന്ത്രിക്ക് എന്താണ് അവകാശമെന്നും ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് വാഹനത്തില്‍ നേരിട്ട് എത്താതെ ചളിയിലൂടെ നടന്നത് എന്തിന് വേണ്ടിയാണെന്നും അവര്‍ ചോദിച്ചു.
ഔദ്യോഗിക അറിയിപ്പില്ലാതെ വന്ന മന്ത്രി വിളിച്ചിടത്തേക്ക് സെക്രട്ടറി പോകാന്‍ പാടില്ലായിരുന്നുവെന്ന് യു.ഡി.എഫ് കക്ഷി നേതാവ് കെ.പി. ഉദയന്‍ പറഞ്ഞു. ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന് വ്യാജ പ്രചാരണം നടത്തുന്നത് പോലെയാണ് വര്‍ഗീയ ശക്തികള്‍ ഗുരുവായൂരിന് തങ്ങള്‍ കേന്ദ്ര പദ്ധതികള്‍ അനുവദിച്ചുവെന്ന് പറഞ്ഞുനടക്കുന്നത്.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നഗരവികസനത്തിനുള്ള കേന്ദ്ര വിഹിതം 80 ശതമാനം ആയിരുന്നത് ബി.ജെ.പി അമ്പതാക്കി കുറച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ എന്തിനാണ് പദ്ധതികള്‍ വിലയിരുത്താന്‍ പിന്നാമ്പുറത്തു കൂടി ബി.ജെ.പി പ്രവര്‍ത്തകരുമായി എത്തുന്നതെന്ന് ആര്‍.വി. ഷെരീഫ് ചോദിച്ചു.
കേന്ദ്ര ആരോഗ്യ സഹമന്ത്രിയായിരിക്കെ അർബുദം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് മരുന്നായി ഗോമൂത്രത്തെ പരിഗണിക്കാമെന്ന് പറഞ്ഞയാളാണ് സന്ദര്‍ശനം നടത്തിയ ചൗബേയെന്ന് എ.എസ്. മനോജ് പറഞ്ഞു. പ്രസാദ് പദ്ധതിയില്‍ നഗരസഭക്ക് ഇനിയും 55 ലക്ഷം കിട്ടാനുണ്ട്. ഗുരുവായൂരിലെ റോഡുകള്‍ ആറ് മാസത്തിനകം നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി അമൃത്, പ്രസാദ് പദ്ധതികള്‍ അവലോകനം ചെയ്യാനെത്തിയതെന്ന് ബി.ജെ.പിയുടെ ശോഭ ഹരിനാരായണന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ച അത്രയും പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ എന്നാണ് ഗുരുവായൂരിന് മുമ്പ് നല്‍കിയിട്ടുള്ളതെന്നും അവര്‍ ചോദിച്ചു. പ്രസാദ് പദ്ധതിയില്‍ ഇപ്പോള്‍ ഗ്രാന്റായി നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക 10 വര്‍ഷം മുമ്പ് കരുവന്നൂര്‍ കുടിവെള്ള പദ്ധതിക്ക് യു.പി.എ സര്‍ക്കാര്‍ അനുവദിച്ചത് ചെയര്‍മാന്‍ എം. കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
ഗുരുവായൂരിന് നേരത്തേ ലഭിച്ച കേന്ദ്ര പദ്ധതികളും വിശദീകരിച്ചു. നഗരങ്ങള്‍ക്കുള്ള കേന്ദ്ര സഹായം ഔദാര്യമല്ല, കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി അറിയിപ്പില്ലാതെ കേന്ദ്രമന്ത്രി എത്തിയത് ജനാധിപത്യമര്യാദകളുടെ ലംഘനമാണ്. ആര് പണം തന്നില്ലെങ്കിലും ഗുരുവായൂരിന്റെ വികസനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. കെ.പി.എ. റഷീദ്, സി.എസ്. സൂരജ്, പി.ടി. ദിനില്‍, വി.കെ. സുജിത്, ഫൈസല്‍ പൊട്ടത്തയില്‍, എ.വി. അഭിലാഷ്, വൈഷ്ണവ് പി. പ്രദീപ്, ബിന്ദു പുരുഷോത്തമന്‍, മാഗി ആല്‍ബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.