പഞ്ചരത്നങ്ങളിലെ ഉത്രജയുടെ വിവാഹം അഞ്ചിന്
text_fieldsഗുരുവായൂർ: 'പഞ്ചരത്ന'ങ്ങളിലെ ഉത്രജയുടെ വിവാഹം സെപ്റ്റംബർ അഞ്ചിന് ഗുരുവായൂരിൽ നടക്കും. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിെൻറയും രമാദേവിയുടെയും അഞ്ച് മക്കളിൽ മൂന്ന് പേരുടെ വിവാഹം കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗുരുവായൂരിൽ നടന്നിരുന്നു.
1995 നവംബര്‍ 19ന് ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്ന കുട്ടികൾ 'പഞ്ചരത്നങ്ങൾ' എന്ന പേരിൽ വാർത്തയിൽ ഇടം നേടുകയായിരുന്നു. നാല് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞുമാണ് പിറന്നത്. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെയാണ് പേരിട്ടത്. വീടിന് പഞ്ചരത്നമെന്നാണ് പേര്.
നാല് പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞ വർഷം ഏപ്രില്‍ 26ന് നിശ്ചയിച്ചിരുന്നെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റി. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം അന്ന് നടന്നെങ്കിലും ഉത്രജയുടെ വരൻ ആകാശിന് കുവൈത്തിൽനിന്ന് നാട്ടിൽ എത്താൻ കഴിയാത്തതിനാൽ വിവാഹം മാറ്റിയിരുന്നു. ആ വിവാഹമാണ് ഈ മാസം അഞ്ചിന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടക്കുന്നത്.
കുട്ടികൾക്ക് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് പ്രേംകുമാർ മരിച്ചു. മാതാവ് രമാദേവിക്ക് ഹൃദയസംബന്ധമായ അസുഖം വന്നതിനാൽ പേസ്മേക്കര്‍ ഘടിപ്പിച്ചാണ് ജീവിതം. ഇവർക്ക് സർക്കാർ പിന്നീട് സഹകരണ ബാങ്കിൽ ജോലി നൽകി. ഉത്തര കഴിഞ്ഞ മാസം ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ധാർമിക് എന്നാണ് പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.