ഗുരുവായൂരിലെ വാർഡ് വിഭജനം; ലോക്സഭ പട്ടികയിലെ കണക്കും അസന്തുലിതാവസ്ഥക്ക് തെളിവ്
text_fieldsഗുരുവായൂർ: വാസഗൃഹങ്ങൾ അടിസ്ഥാനമാക്കിയുള്ള വാർഡ് വിഭജനം ഗുരുവായൂർ നഗരസഭയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നതിന് കഴിഞ്ഞ ലോക്സഭയിലെ വോട്ടർ പട്ടിക തെളിവ്. 17,726 വോട്ടർമാർ മാത്രമുള്ള പഴയ നഗരസഭ പ്രദേശത്ത് ഇപ്പോഴത്തെ സൂചനകളനുസരിച്ച് 18 വാർഡുകൾ ഉണ്ടാകും. നേരത്തെയുള്ള 14 വാർഡുകളാണ് നാലെണ്ണം കൂടി 18 ആകുന്നത്. പഴയ പൂക്കോട് പ്രദേശത്ത് ഗുരുവായൂരിനേക്കാൾ ഏകദേശം ഇരട്ടി വോട്ടർമാരുണ്ടെങ്കിലും ഇവിടെ നേരത്തെ ഉണ്ടായിരുന്ന 19 വാർഡുകളിൽ വർധന ഉണ്ടായേക്കില്ല. 30,515 വോട്ടർമാർ പൂക്കോടുണ്ട്. ലോകസഭ പട്ടികയനുസരിച്ച് നഗര മേഖലയേക്കാൾ 13,289 വോട്ടർമാർ അധികമുണ്ടെങ്കിലും ഗുരുവായൂരിനേക്കാൾ ഒരു വാർഡ് മാത്രമേ പൂക്കോട് കൂടുതലുള്ളൂ. ലോക്സഭ പട്ടികയിൽ 14,225 വോട്ടർമാരുള്ള തൈക്കാട് മേഖലക്ക് ഒരു വാർഡ് നഷ്ടപ്പെടുമെന്നാണ് സൂചന. നേരത്തെ ഒമ്പത് വാർഡുണ്ടായിരുന്ന ഇവിടെ വിഭജനം വരുമ്പോൾ എട്ടായി കുറയുമെന്നാണ് സൂചന. വാർഡുകളുടെ എണ്ണം നിശ്ചയിക്കാൻ ജനങ്ങളുടെ എണ്ണവും വാർഡുകളുടെ അതിർത്തി നിശ്ചയിക്കാൻ വാസഗൃഹങ്ങളുടെ എണ്ണവും മാനദണ്ഡമാക്കിയതാണ് ഗുരുവായൂരിലെ പ്രശ്നങ്ങൾക്ക് കാരണം.
നഗരസഭയിൽ നിലവിലെ 43 വാർഡ് 46 ആയാണ് മാറുന്നത്. നൂറുകണക്കിന് ഫ്ലാറ്റുകളുള്ള നഗര പ്രദേശത്ത് മാത്രമാണ് വാർഡ് വർധിക്കുന്നത്. ദർശനത്തിനെത്തുമ്പോൾ താമസിക്കാൻ മാത്രമായാണ് പലരും ഗുരുവായൂരിൽ ഫ്ലാറ്റ് സ്വന്തമാക്കിയിട്ടുള്ളത്. ഭൂരിഭാഗം പേരും മറ്റിടങ്ങളിൽ സ്ഥിരതാമസക്കാരാണ്. ഈ സവിശേഷത ക്ഷേത്ര നഗരിയെന്ന നിലയിൽ ഗുരുവായൂരിൽ മാത്രമുള്ളതാണ്. ഇപ്പോഴത്തെ മാനദണ്ഡം അനുസരിച്ച് വിഭജനം നടന്നാൽ 500 ൽ താഴെ വോട്ടർമാർ മാത്രമുള്ള വാർഡുകളാണ് ഫ്ലാറ്റുകൾ ഏറെയുള്ള നഗരമേഖലയിൽ ഉണ്ടാവുക.
എന്നാൽ മറ്റ് പല വാർഡുകളിലും 2000 ൽ കൂടുതൽ വോട്ടർമാരുള്ള സ്ഥിതിയാകും. അസന്തുലിതാവസ്ഥ സംബന്ധിച്ച ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടിയിട്ടുണ്ട്. നഗരസഭ ചെയർമാൻ പരാതി നൽകിയിട്ടുമുണ്ട്. കരട് പ്രസിദ്ധീകരിച്ചാൽ പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് രാഷ്ട്രീയ കക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.