ജനപ്രതിനിധികൾക്ക് പകരം കെട്ടിട പ്രതിനിധികളാകുമോ?
text_fieldsഗുരുവായൂർ: നഗരസഭയിലെ വാർഡുകൾ 43ൽ നിന്ന് 46 ആയി മാറുമ്പോൾ വാർഡുകളിലെ വോട്ടർമാരുടെ എണ്ണത്തിൽ വലിയ അസന്തുലിതാവസ്ഥ വരുമെന്ന് ആശങ്ക. നഗരപ്രദേശത്തെ വാർഡുകളിലെ വോട്ടർമാരുടെ എണ്ണം 500 ൽ താഴെയാകുമ്പോൾ മറ്റ് ഭാഗങ്ങളിലെ വാർഡുകളിൽ വോട്ടർമാരുടെ എണ്ണം 2000 കവിയും. വാസഗൃഹങ്ങളുടെ എണ്ണം മാനദണ്ഡമാക്കിയാവണം വിഭജനം എന്നതാണ് ഗുരുവായൂരിലെ അസന്തുലിതാവസ്ഥക്ക് കാരണം. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് പഴയ നഗരസഭ പ്രദേശത്ത് നാല് വാർഡുകൾ വർധിക്കും. ഇവിടെ പലയിടത്തും 500 ൽ താഴെ വോട്ടർമാരേ ഉണ്ടാവുകയുള്ളൂ. എന്നാൽ ജനസംഖ്യ കൂടുതലുള്ള പഴയ പൂക്കോട് പഞ്ചായത്ത് പ്രദേശത്ത് വാർഡുകൾ കൂടില്ല. 2000 മുകളിൽ വരെ വോട്ടർമാരുള്ള വാർഡുകൾ ഇവിടെയുണ്ട്. തൈക്കാട് മേഖലക്കാവട്ടെ ഒരു വാർഡ് നഷ്ടപ്പെടാനാണ് സാധ്യത. വാർഡുകളിൽ വേണ്ട വോട്ടർമാരുടെ എണ്ണമല്ല, വാസഗൃഹങ്ങളുടെ എണ്ണമാണ് വാർഡ് വിഭജനത്തിന് അടിസ്ഥാനമാക്കിയിട്ടുള്ളത് എന്നതാണ് ഗുരുവായൂരിലെ പ്രശ്നത്തിന് കാരണം.
2011ലെ സെൻസസിലെ ജനസംഖ്യയും കെ സ്മാർട്ടിൽ ഇപ്പോഴുള്ള വാസഗൃഹങ്ങളുടെ എണ്ണവും തമ്മിൽ കണക്കാക്കിയാണ് വിഭജനം നടക്കുന്നത്. നഗരപ്രദേശത്ത് നൂറ് കണക്കിന് ഫ്ലാറ്റ് സമുച്ചയങ്ങളുണ്ട്. സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ പോലും വീടുകളായാണ് പരിഗണിച്ചിട്ടുള്ളത്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിലെ ഭൂരിപക്ഷം ഫ്ലാറ്റുകളിലും താമസക്കാരില്ല. ദർശനത്തിനെത്തുമ്പോൾ താമസിക്കാൻ മാത്രമായാണ് പലരും ഗുരുവായൂരിൽ ഫ്ലാറ്റ് സ്വന്തമാക്കിയിട്ടുള്ളത്. ദിവസ വാടക്ക് നൽകി അനധികൃത ലോഡ്ജുകളായി പ്രവർത്തിക്കുന്നവയും ഉണ്ട്. ഇതെല്ലാം വാസഗൃഹമായി പരിഗണിച്ച് വിഭജനം നടത്തുമ്പോൾ പല വാർഡുകളും തീരെ ചെറുതും വോട്ടർമാർ 500 ൽ താഴെയുമാകും. സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്ര നഗരമെന്ന നിലയിൽ ഗുരുവായൂരിൽ മാത്രമുള്ള പ്രത്യേക സാഹചര്യമാണിത്. ഈ സ്ഥിതിവിശേഷം തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിക്കാതെ പോയാൽ വാർഡുകളിലെ സന്തുലിത വികസനം അട്ടിമറിക്കപ്പെടും. വികസനത്തിനുള്ള ഫണ്ട് പങ്കുവെക്കുമ്പോൾ വാർഡുകൾക്കിടയിൽ വലിയ വിവേചനത്തിന് ഇത് കാരണമാകും. 500 ൽ താഴെ വോട്ടർമാരുള്ള വാർഡും 2000 ൽ അധികം വോട്ടർമാരുള്ള വാർഡും ഒരു പോലെ പരിഗണിക്കേണ്ട സാഹചര്യമാണ് ഉണ്ടാവുക. ചെറിയ വാർഡുകളിൽ കൂടുതൽ എണ്ണം സ്വന്തമാക്കുന്നവർ ഭരണത്തിലെത്തുന്ന സാഹചര്യവും ഉണ്ടാകാം. നഗരസഭയിലെ ഭൂരിപക്ഷ ജനഹിതത്തെ അട്ടിമറിക്കുന്നതാകാം വോട്ടർമാരുടെ എണ്ണത്തിലുള്ള ഭീമമായ അന്തരം.
ഗുരുവായൂരിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ഇതിനകം തന്നെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തദ്ദേശ മന്ത്രിക്കും പരാതികൾ നൽകി കഴിഞ്ഞിട്ടുണ്ട്. തൈക്കാട് മേഖലയുടെ പ്രാതിനിധ്യം കുറയുന്നതും പ്രതിഷേധമുയർത്തിയിട്ടുണ്ട്. നഗരസഭയുമായുള്ള കൂട്ടി ചേർക്കലിൽ പഴയ തൈക്കാട് പഞ്ചായത്തിന് നേട്ടമില്ലെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് പ്രാതിനിധ്യം കൂടി കുറയുന്നത്. 2011ലെ സെൻസസ് പ്രകാരമുള്ള മുനിസിപ്പാലിറ്റിയിലെ ആകെ ജനസംഖ്യയെ ആകെ വാസഗൃഹങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ച് ഒരു വീട്ടിലെ ശരാശരി ജനസംഖ്യ തിട്ടപ്പെടുത്തിയാണ് വാർഡുകളിൽ ഉണ്ടാകേണ്ട ശരാശരി വീടുകളുടെ എണ്ണം നിർണയിക്കുന്നത്. പ്രകൃതി ദത്ത അതിർത്തികൾക്കനുസരിച്ച് പത്ത് ശതമാനം കുറവും കൂടുതലും ജനസംഖ്യയിൽ അനുവദിക്കും. നിലവിലുള്ള 43 വാർഡ് വിഭജനത്തോടെ 46 ആയി മാറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.